എഎംഎംഎയുടെയും ഫെഫ്കയുടെയും ഇടപെടല്‍; ഷെയിന്‍ നിഗമിനുള്ള നിര്‍മ്മാതാക്കളുടെ വിലക്ക് നീക്കിയേക്കും

സഹായമഭ്യര്‍ത്ഥിച്ച് ഷെയ്നിന്റെ മാതാവ് കഴിഞ്ഞദിവസം 'എഎംഎംഎ'യ്ക്ക് കത്തുനല്‍കിയിരുന്നു.

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനുള്ള നിര്‍മ്മാതാക്കളുടെ വിലക്ക് നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരസംഘടനകളായ എഎംഎംഎയുടെയും ഫെഫ്കയുടെയും ഇടപെടലിനെ തുടര്‍ന്നാണിതെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ തേടണമെന്നുകാണിച്ച് ‘എഎംഎംഎ’ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തുനല്‍കി. ചിത്രങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന ഷെയ്നിന്റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് സംഘടനകള്‍ ഇടപെടുന്നത്.

സഹായമഭ്യര്‍ത്ഥിച്ച് ഷെയ്നിന്റെ മാതാവ് കഴിഞ്ഞദിവസം ‘എഎംഎംഎ’യ്ക്ക് കത്തുനല്‍കിയിരുന്നു. വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ സുഹൃത്തുക്കള്‍ ‘ഫെഫ്ക’യെയും സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപെടല്‍. നടന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇടപെടുവിക്കാനും നീക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഷെയ്നിന്റെ ചിത്രങ്ങളുടെ സംവിധായകരുടെ കാര്യമാണ് ‘ഫെഫ്ക’ ഗൗരവത്തോടെ കാണുന്നത്. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ സംവിധായകര്‍ നവാഗതരാണ്. ചര്‍ച്ചചെയ്താല്‍ തീരാവുന്ന പ്രശ്‌നങ്ങളുടെ പേരില്‍ സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് ‘ഫെഫ്ക’ ചൂണ്ടിക്കാട്ടുന്നു.

Exit mobile version