‘വധശിക്ഷയില്‍ കുറഞ്ഞൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല’ : വിധിയില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം

നടന്‍ ഷെയ്ന്‍ നിഗം കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്.

എറണാകുളം: ആലുവയില്‍ 5 വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് വധ ശിക്ഷ വിധിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഒന്നാകെ ആവശ്യപ്പെട്ട ശിക്ഷ തന്നെയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നത്.

ശിക്ഷവിധി വന്നതിന് പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇക്കൂട്ടത്തില്‍ നടന്‍ ഷെയ്ന്‍ നിഗം കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്.

‘വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല’, എന്നാണ് ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഭവത്തില്‍ ഷെയ്‌നിനുള്ള രോഷം എത്രത്തോളം ആണെന്ന് ഈ പോസ്റ്റില്‍ നിന്നും തന്നെ വ്യക്തമാണ്.

അതേസമയം, ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്‌സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതില്‍ നിന്നോ അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.

13 വകുപ്പുകളിലുമായി ആകെ 49 വര്‍ഷം തടവും അഞ്ച് ജീവപര്യന്തവും ഇതിന്പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്‌സോയിലെ മൂന്നു വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2 ) (j) വകുപ്പിലും (സമ്മതം കൊടുക്കാന്‍ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 (പ്രകൃതിവിരുദ്ധപീഡനവും ക്രൂരതയും) വകുപ്പിലുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Exit mobile version