ഒറ്റപ്പെട്ട സംഭവമായി കാണരുത്: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ഷെയ്ന്‍ നിഗം

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. ശ്രദ്ധയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് ഗവണ്‍മെന്റ്തല അധികാരികളും കാണരുതെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം എത്തിയിരുന്നു.

‘അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവണ്‍മെന്റ് തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുന്‍കൂട്ടി കണ്ട് കോളേജ് അധികാരികളെ തന്റെ മക്കളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം…. ഐക്യദാര്‍ഢ്യം നല്‍കണം…’ ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായിരുന്നു ശ്രദ്ധ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാവാം ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മൊബൈല്‍ ഫോണ്‍ പിടിച്ചതുകൊണ്ടല്ലെന്നും പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ ഇടപെടലുകള്‍ ഉണ്ടായെന്നും കുടുംബം ആരോപിച്ചു.

ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. നിലവില്‍ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version