ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പോലീസ് നേരത്തെ 13 വയസുകാരന്റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു എഎം പ്രജിത്ത്. മനോജ്-മീര ദമ്പതികളുടെ മകന്‍ പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കാട്ടൂര്‍ വിസിറ്റേഷന്‍ സ്‌കൂള്‍ അധികൃതര്‍.

കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസില്‍ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്‌കൂള്‍ മൈക്കില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.

കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ പ്രജിത്ത് സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ ആരോപണങ്ങള്‍ നിഷേധിക്കുന്നു. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകര്‍ പറഞ്ഞിട്ടുള്ളൂ എന്ന് സിസ്റ്റര്‍ സോഫിയ പറഞ്ഞു. പ്രജിത്തിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version