‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല’; എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

രാജസ്ഥാന്‍: എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദം താങ്ങാനാവാതെ വിദ്യാര്‍ഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന നിഹാരിക സിങ് എന്ന പതിനെട്ടുകാരിയാണ് ജീവനൊടുത്തിയത്.

മാതാപിതാക്കള്‍ക്ക് ഹൃദയഭേദകമായ കുറിപ്പെഴുതി വച്ചാണ് നിഹാരിക വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടയുടന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മല്‍സരപ്പരീക്ഷയ്ക്കായി റിപ്പീറ്റ് ചെയ്യുകയായിരുന്നു നിഹാരിക. പ്രതിദിനം എട്ട് മണിക്കൂര്‍ വീതമുള്ള പഠനത്തിന് പുറമെ അധികസമയം കുട്ടി പഠിക്കുന്നതിനായി ചെലവഴിച്ചിരുന്നതായും പോലീസ് പറയുന്നു.

നിഹാരികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇങ്ങനെയാണ് പറയുന്നത്. ‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല. അതുകൊണ്ട് ഞാന്‍ ജീവനൊടുക്കുകയാണ്. ഞാനൊരു പരാജയമാണ്. മോശം മകളാണ്. അമ്മയുമച്ഛനും ക്ഷമിക്കണം. ഇത് അവസാനത്തെ ഓപ്ഷന്‍ മാത്രമായിരുന്നു.’

നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെ മുഹമ്മദ് സെയ്‌ദെന്ന വിദ്യാര്‍ഥി ഈ മാസമാദ്യമാണ് സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ജീവനൊടുക്കിയത്. കുട്ടികളെ അമിതമായ സമ്മര്‍ദത്തിലാക്കുന്നത് ഒഴിവാക്കണമെന്ന് കാണിച്ച് കോച്ചിങ് സെന്ററുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version