സ്ത്രീധന തർക്കം, വീട്ടുകാർ എതിർത്തപ്പോൾ ജാതകോം സമയോം നോക്കാതെ ഓര് അങ്ങ് കെട്ടി; ഇതുവരെ അടിയുണ്ടാക്കാത്ത അച്ഛന്റേയും അമ്മയുടേയും 35 വർഷത്തെ സ്‌നേഹത്തെ കുറിച്ച് മകളുടെ കുറിപ്പ്

സോഷ്യൽ ലോകത്ത് സ്ത്രീധനത്തിന് എതിരെ ക്യാംപെയിൻ നടക്കുന്നതിനിടെ വൈറൽ കുറിപ്പുമായി പെൺകുട്ടി. സ്ത്രീധനത്തിനെതിരെ പോരാടിയ മാതാപിതാക്കളെയാണ് അഞ്ജു കൃഷ്ണ എന്ന പെൺകുട്ടി പരിചയപ്പെടുത്തുന്നത്. സോഷ്യൽലോകത്ത് ശക്തമായ ക്യാംപെയ്‌നുകൾ നടക്കുന്നുണ്ട്. സ്ത്രീധന തർക്കത്തിന്റെ പേരിൽ വീട്ടുകാർ വിവാഹം എതിർത്തിട്ടും ഒരുമിച്ച തന്റെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹബന്ധത്തെ കുറിച്ചാണ് അഞ്ജു പറയുന്നത്. 35 വർഷം പരസ്പരം താങ്ങായും തണലായും ജീവിച്ച അച്ഛന്റെ അമ്മയുടെയും സ്‌നേഹത്തെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ജാതകമോ സമയോ നോക്കാതെ അവർ വിവാഹം കഴിച്ചു. ഇതുവരെ അവർക്കിടയിൽ ഒരു അടിയോ ബഹളമോ കണ്ടിട്ടില്ലെന്ന് അഞ്ജു കുറിക്കുന്നു.

അഞ്ജു കൃഷ്ണയുടെ കുറിപ്പ്:

മുറച്ചെറുക്കനും മുറപ്പെണ്ണും ആണ്. സ്ത്രീധന തർക്കത്തിന്റെ പേരിൽ രണ്ട് വീട്ടുകാരും കല്യാണത്തിന് എതിർത്തപ്പോൾ ഓര് അങ്ങ് കെട്ടി. ജാതകോം നോക്കീല്ല സമയവും കുറിച്ചില്ല .കല്യാണം കഴിഞ്ഞ് പത്ത് വർഷം ആയിട്ടും കുട്ടികൾ ആകാതിരുന്നപ്പോൾ പിരിയാൻ പറഞ്ഞവർക്കിടയിൽ ഒരു സർട്ടിഫിക്കേറ്റിൻറെയും ബലമില്ലാതെ ചേർത്ത് പിടിച്ച് നിന്ന 35 വർഷങ്ങൾ. എന്റെ മുന്നിലെ ഐഡിയൽ കപ്പിൾ. ചെറിയ പിണക്കങ്ങൾക്ക് അപ്പുറം പരസ്പരം ഒരു അടിയോ ബഹളമോ ഇതുവരെ കണ്ടിട്ടില്ല. അച്ഛനെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ വാക്കുകൾ തീരാത്തൊരു മകളാണ് ഞാൻ. ദതോണ്ട് നിർത്തുന്നു. അല്ലേൽ നോവൽ ആയിപോകും.

Nb: അമ്മയ്ക്ക് കമ്മലിട്ട് കൊടുക്കാണ്. പുള്ളിക്ക് കണ്ണ് നേരെ പിടിക്കാത്തോണ്ട് സമയം എടുത്തു. അതോണ്ട് ഫോട്ടോ കിട്ടി. അല്ലേൽ ഞാൻ ഫോൺ എടുക്കണ കണ്ടാൽ ഓടിയേനെ. പണ്ട് അമ്മ കട്ടളപ്പടിയിൽ അല്ലേ അച്ഛൻ തന്ന കത്ത് ഒളിപ്പിച്ചു വെച്ചത് എന്ന് ചോദിച്ചേന്റെ ചിരിയാണ്. ഇനിയിപ്പോ ഞാൻ ഇതിനിടയിൽ എപ്പോ വന്നൂന്ന് ചോദിക്കണ്ട. 23 വർഷം മുന്നേ വന്ന് കേറിയതാണ്. എൻറെ അമ്മേ മച്ചീന്ന് വിളിച്ചവരെ പുച്ഛിച്ചോണ്ട്. ബട്ട് ഇപ്പോ ഓര് പറയണുണ്ട് ഒരു കുട്ടീകൂടി ഉണ്ടാരുന്നേൽ എന്നെ തട്ടികളഞ്ഞേനേന്ന്. അത്രയ്ക്ക് നല്ല കുട്ടിയാണ്.

Exit mobile version