വർത്തമാനം മാത്രം പോര; ഇതൊന്നും ഇപ്പോഴല്ല പറയേണ്ടിയിരുന്നത്, നേരത്തേയാവാമായിരുന്നു; സിനിമയിലെ ലഹരി ഉപയോഗം ഞെട്ടിപ്പിക്കുന്നതെന്നും മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിർമ്മാതാക്കളുടേയും ബാബുരാജിന്റേയും ആരോപണത്തോട് പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി എകെ ബാലൻ. സിനിമാ മേഖലയിലെ ലഹരി ഉപയോഗമെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. നിർമ്മാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്‌നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരികമായി തെളിവോടെ പറഞ്ഞാൽ സർക്കാർ ശക്തമായ നടപടിയെടുക്കും. റെയിഡ് നടത്താൻ ഒരു ബുദ്ധിമുട്ടും സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർത്തമാനം മാത്രം പോരാ, സിനിമാമേഖലയിൽ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടനയാണ് ഇന്നലെ ഷെയിൻ നിഗം അടക്കമുള്ള യുവതാരങ്ങൾ ആരും സ്വബോധത്തിൽ അല്ലെന്നും ഷൂട്ടിങ് സെറ്റിലടക്കം ലഹരി ഉപയോഗം വർധിച്ചുവരികയാണെന്നും ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ സിനിമയിലെ ന്യൂജെൻ താരങ്ങളിൽ ലഹരി ഉപയോഗം വർധിക്കുന്നതായുള്ള ആരോപണം ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ടെന്നും നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് ആരോപിച്ചിരുന്നു.

Exit mobile version