കഷണ്ടിയും കണ്ണടയും കള്ളനാക്കി! ചെയ്യാത്ത കുറ്റത്തിന് താജുദ്ദീന്‍ ജയിലില്‍ കിടന്നത് 54 ദിവസം; മാല മോഷണക്കേസില്‍ ഒടുവില്‍ യഥാര്‍ത്ഥപ്രതി പിടിയില്‍

കണ്ണൂര്‍: ചക്കരകല്ലില്‍ പ്രവാസിയെ അറസ്റ്റ് ചെയ്ത് വിവാദമായ മാല മോഷണക്കേസില്‍ യഥാര്‍ത്ഥപ്രതി ഒടുവില്‍ പിടിയില്‍. വടകര സ്വദേശിയായ ശരത്ത് വത്സരാജനാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്. ചെയ്യാത്ത കുറ്റത്തിന് 54 ദിവസമാണ് താജൂദ്ദീന് ജയിലില്‍ കഴിയേണ്ടിവന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ കതിരൂര്‍ സ്വദേശി താജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. മകളുടെ കല്യാണത്തിന് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. കല്യാണപ്പിറ്റേന്നായിരുന്നു താജുദ്ദീനെ പോലീസ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് ബസിറങ്ങി പോവുകയായിരുന്ന മുണ്ടല്ലൂര്‍ സ്വദേശിനി രാഖി ഷാജിയുടെ അഞ്ചരപവന്‍ മാല സ്‌കൂട്ടറിലെത്തിയ ആള്‍ തട്ടിപ്പറിച്ചെടുത്തത്. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ ചക്കരക്കല്‍ പോലീസ് ശേഖരിച്ചു. വെളുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ താടിയും കഷണ്ടിയും കണ്ണടയുമുള്ള ഒരാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. മാലനഷ്ട്ടപ്പെട്ട വീട്ടമ്മയുടെ മൊഴിയോട് സാദൃശ്യം തോന്നിയതിനാല്‍ ദൃശ്യങ്ങള്‍ അവരെയും കാണിച്ചപ്പോള്‍ പ്രതിയാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. പിന്നീട് നാട്ടുകാരെ ദൃശ്യങ്ങള്‍ കാണിച്ചതോടെയാണ് താജൂദ്ദീനിലേക്ക് പോലീസെത്തുന്നത്.

യഥാര്‍ത്ഥപ്രതി
ശരത്ത് വത്സരാജന്‍

താജുദ്ദീന്റെ കുടുംബത്തെയും ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അവരും താജുദ്ദീന്‍ തന്നെയെന്ന് ശരിവച്ചു. ഇതോടെ അറസ്റ്റിലേക്ക് നീങ്ങി. കുറ്റം ആവര്‍ത്തിച്ച് നിഷേധിച്ചെങ്കിലും കോടതിയിലെത്തിച്ച് താജുദ്ദീനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ കവര്‍ച്ച ചെയ്ത മാലയോ, സഞ്ചാരിക്കാനുപയോഗിച്ച സ്‌കൂട്ടറോ കണ്ടെത്താനായില്ല.

സ്ത്രീകളെ ആക്രമിച്ച് മാല തട്ടിയെടുക്കുന്ന സ്ഥിരം പ്രതിയാണ് താജുദ്ദീനെന്ന് പറഞ്ഞ് ജാമ്യാപേക്ഷകളെ പോലീസ് എതിര്‍ത്തു. അഴിയൂരില്‍ തൊട്ടടുത്തദിവസം നടന്ന മാലപൊട്ടിക്കല്‍ കേസിലെ പ്രതിയും ഈയാള്‍തന്നെയാന്ന് പോലീസ് വാദിച്ചു. കാരണം താജുദ്ദീന്റെ മൊബൈല്‍ ലൊക്കേഷന്‍ അന്നേ ദിവസം അഴിയൂരിലായിരുന്നു.

ഒടുവില്‍ ജാമ്യത്തിലിറങ്ങിയ താജുദ്ദീന്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് പരാതി നല്‍കി. അന്വേഷണം കണ്ണൂര്‍ ഡിവൈഎസ്പിയുടെ അടുത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഡിവൈഎസ്പി പിപി സദാനന്ദന്‍ പ്രതിയുടെ കൈയിലുള്ള സ്റ്റീല്‍വളയും നെറ്റിയിലെ മുറിപ്പാടുകളും കണ്ടെത്തി ചക്കരക്കല്‍ എസ്‌ഐയെ അറിയിച്ചു. എന്നാല്‍ താജുദ്ദീന്‍ തന്നെ പ്രതിയെന്ന നിലപാടില്‍ എസ്‌ഐ ഉറച്ച് നിന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ക്രൈം സ്‌ക്വാഡുകള്‍ക്കും ഡിവൈഎസ്പി ദൃശ്യങ്ങള്‍ അയച്ചുനല്‍കി.

വടകരയിലെ പോലീസുകാര്‍ ദൃശ്യങ്ങള്‍ കണ്ടതോടെ അഴിയൂര്‍ സ്വദേശി ശരത് വത്സരാജാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഓണ്‍ലൈന്‍ ക്യാമറ തട്ടിപ്പ് കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ശരത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.

മാഹിയിലുള്ള സുഹൃത്തിന്റെ സ്‌കൂട്ടറിലെത്തിയാണ് മാലപ്പൊട്ടിച്ചത്. തൊട്ടടുത്തദിവസം അഴിയൂരിലും ഇതുപോലെതന്നെ കവര്‍ച്ച നടത്തി. മാല തലശേരിയിലെ സ്വര്‍ണക്കടയില്‍ വിറ്റെന്നും മൊഴി നല്‍കി.

Exit mobile version