അമ്മയേയും പെൺമക്കളേയും വീടിനകത്ത് പൂട്ടിയിട്ട് ജപ്തി നടപ്പാക്കി ബാങ്ക് ജീവനക്കാർ; പൂട്ട് തല്ലിപ്പൊളിച്ച് നാട്ടുകാർ; വൻപ്രതിഷേധം

കൊല്ലം: വീടിനകത്ത് അമ്മയേയും പെൺമക്കളേയും പൂട്ടിയിട്ട് ജപ്തി നടപ്പാക്കി ബാങ്ക് ജീവനക്കാരുടെ ക്രൂരത. കൊല്ലം പൂയപ്പള്ളിയിലാണ് യൂക്കോ ബാങ്ക് അധികൃതർ അമ്മയെയും മക്കളെയും പൂട്ടിയിട്ട് ജപ്തി നടപ്പാക്കിയിരിക്കുന്നത്. വീടിന്റെ രണ്ട് ഗേറ്റുകളും പൂട്ടിയിട്ട് ജപ്തി നടപ്പാക്കി ബാങ്ക് അധികൃതർ മടങ്ങുകയായിരുന്നു എന്നാണ് ഉയർന്നിരിക്കുന്ന പരാതി. യൂക്കോ ബാങ്കിന്റെ നടപടിക്കെതിരെ സ്ഥലത്ത് വൻപ്രതിഷേധമാണ് ഉയരുന്നത്. ബാങ്ക് നടപടിക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കശുവണ്ടി മേഖലയിലെ തൊഴിലാളികൾ.

പൂയപ്പള്ളി സ്വദേശി ഷൈൻ എന്നയാളുടെ ഭൂമിയുടെ പ്രമാണം സുഹൃത്തിന് പണയം വെയ്ക്കാൻ നൽകിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങി. തുടർന്ന് ബുധനാഴ്ച രാവിലെ ബാങ്ക് അധികൃതർ വീട്ടിലെത്തുകയും ആരെങ്കിലും വീട്ടിലുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ രണ്ട് ഗേറ്റും താഴിട്ടുപൂട്ടി സീൽ ചെയ്യുകയായിരുന്നു. ഗേറ്റ് പൂട്ടി ബാങ്ക് അധികൃതർ മടങ്ങുകയും ചെയ്തു. ജപ്തി സമയത്ത് ഈ വീടിനുള്ളിൽ വീട്ടമ്മയും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. ഇവരെ അറിയിച്ചു കൊണ്ടല്ല ജപ്തി നടത്തിയത്.

പ്രതിഷേധവുമായി രംഗത്തെത്തിയ കശുവണ്ടി തൊഴിലാളികളും നാട്ടുകാരും തുടർന്ന് ഇവർ ഗേറ്റിൽ ബാങ്ക് സ്ഥാപിച്ച താഴ് തകർക്കുകയും വീട്ടമ്മയെയും മക്കളെയും മോചിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version