സൗജന്യ ആംബുലൻസ് ‘കനിവും’ ജീവനക്കാരുടെ സമയോചിത ഇടപെടലും തുണച്ചു; ഉദ്ഘാടന പിറ്റേന്ന് ആംബുലൻസിൽ സുഖപ്രസവം; ആഷിഫിനും ശിൽപ്പയ്ക്കും നിറകൈയ്യടി

വടക്കഞ്ചേരി: സർക്കാരിന്റെ സൗജന്യ ആംബുലൻസ് ശൃംഖലയായ കനിവ്-108 തുണച്ചതോടെ ആംബുലൻസിന് ഉള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. കൃത്യസമയത്ത് ആംബുലൻസ് സേവനം എത്തിക്കുകയും അടിയന്തര ഘട്ടത്തിൽ പ്രസവമെടുക്കുകയും ചെയ്ത ജീവനക്കാർക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ. പാലക്കാട്ടെ നെന്മാറ അയിലൂർ കൽച്ചാടി കോളനിയിലെ രാജേഷിന്റെ ഭാര്യ ബീനയാണ് (24) ആൺകുഞ്ഞിനു ജന്മം നൽകിയത്. മാസം തികയാതെയുള്ള പ്രസവത്തെ തുടർന്നു കുഞ്ഞിനു ഭാരക്കുറവുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആംബുലൻസ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്.

കനിവ് 108 സൗജന്യ ആംബുലൻസ് ശൃംഖലയുടെ ഉദ്ഘാടനം ശനിയാഴ്ചയാണു മന്ത്രി എകെ ബാലൻ നിർവഹിച്ചത്. തൊട്ടടുത്ത ദിനം തന്നെ ‘കനിവ്’ പ്രസവമുറിയാവുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് അത്യാവശ്യമായി എത്തിക്കണമെന്നാവശ്യപ്പെട്ടു കൽച്ചാടി കോളനിയിൽ നിന്നും എമർജൻസി കോളെത്തിയത്. ആദിവാസി പ്രമോട്ടർ മണികണ്ഠനായിരുന്നു ഫോണിന്റെ മറുതലയ്ക്കൽ.

ഉടൻ തന്നെ ഡ്രൈവർ കിഴക്കഞ്ചേരി പാണ്ടാംകോട് സ്വദേശി കെഇ ആഷിഫും എമർജൻസി മെഡിക്കൽ ടെക്‌നിഷൻ (ഇഎംടി) വാൽക്കുളമ്പ് സ്വദേശി ശിൽപ കുര്യാക്കോസും മെഡിക്കൽ സംഘവും ആംബുലൻസുമായി വനത്തിന് സമീപമുള്ള കൽച്ചാടി കോളനിയിലെത്തി. യുവതിയെ ആംബുലൻസിൽ കയറ്റുന്നതിനിടെ അമിത രക്തസ്രാവമുണ്ടായ യുവതി ആംബുലൻസിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ശിൽപയുടെ സമയോചിതമായ പ്രാഥമിക ചികിത്സയാണു കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിച്ചത്. പ്രസവ സമയത്ത് ആശാ വർക്കർമാരായ മിനിയും സുമയും ആംബുലൻസിൽ ഉണ്ടായിരുന്നു. അമ്മയെയും കുഞ്ഞിനെയും ഇതേ ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Exit mobile version