ശബരിമല മരക്കൂട്ടത്ത് അര്‍ധരാത്രി വന്‍മരം ഒടിഞ്ഞു വീണു; പത്ത് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, അപകടം തൊഴുത് മടങ്ങുന്നതിനിടെ

ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ മുകളിലേക്ക് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.

പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് വെച്ച് വന്‍മരം ഒടിഞ്ഞു വീണു. പത്തോളം തിര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് മരം ഒടിഞ്ഞു വീണത്. ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ് , രാമു, പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനില്‍കുമാര്‍, മലപ്പുറം തിരൂര്‍ സ്വദേശി പ്രേമന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ മുകളിലേക്ക് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.

അപകടത്തെക്കുറിച്ച് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. മരക്കൂട്ടം ചന്ദ്രാനന്ദന്‍ റോഡില്‍ വെച്ചായിരുന്നു അപകടം നടന്നത്. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്‌സ്, പോലീസ് സേനാംഗങ്ങള്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിലും, തീര്‍ത്ഥാടകരുടെ തിരക്കും പരിഗണിച്ച് കൂടുതല്‍ പോലീസിനെ വിന്യസിക്കും.

Exit mobile version