മണ്ഡലകാലത്തിന് തുടക്കം; ക്ഷേത്ര നട തുറന്നു, ഭക്തിസാന്ദ്രമായി ശബരിമല

നട തുറന്നതിന് ശേഷം മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകര്‍ന്നു.

ശബരിമല: ഭക്തി നിറയുന്ന മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നട തുറന്നത്. ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതിന് ശേഷമാണ് ക്ഷേത്രനട തുറന്നത്.

നട തുറന്നതിന് ശേഷം മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ഇന്ന് പ്രത്യേകപൂജകള്‍ ഒന്നും ഉണ്ടാകില്ല. രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ക്ക് സമയനിയന്ത്രണമില്ലാതെ മല ചവിട്ടാം.

സ്വകാര്യ വാഹനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കണം. എന്നാല്‍ സന്നിധാനത്ത് തങ്ങുന്നതിന് ഭക്തര്‍ക്ക് വിലക്കില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സംഘര്‍ഷമില്ലാത്തതിനാല്‍ നിരോധനാജ്ഞ വേണ്ടെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

Exit mobile version