ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം

പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

തിരുവനന്തപുരം: ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്നാണ് സുപ്രീംകോടതിയുടെ വിധി. സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ് പ്രസ്താവിച്ചത്. ഇതോടെ ഏഴംഗ ബഞ്ച് വിഷയം പരിഗണിക്കും. ആദ്യ കേസായാണ് ശബരിമല സ്ത്രീപ്രവേശനം പരിഗണിച്ചത്. എന്നാല്‍ സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ നല്‍കിയിട്ടില്ല. ഇതാണ് വിധിയില്‍ വ്യക്തതയില്ലാത്തത്.

2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ നിരവധി സ്ത്രീകളും എത്തിയിരുന്നു. എന്നാല്‍ ഇത് വലിയ സംഘര്‍ഷത്തിലേയ്ക്കാണ് വഴിവെച്ചത്.

ശബരിമല സംരക്ഷണത്തിന്റെ പേരില്‍ നിരവധി അക്രമണങ്ങളും സംസ്ഥാനത്ത് അരങ്ങേറി. ഭക്തരില്‍ നിന്നും നേരിയ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യുവതീപ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ സമര്‍പ്പിച്ചത്. 56 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നത്.

Exit mobile version