മണ്ഡലകാലം തുടങ്ങുന്നു; പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും, സന്നിധാനത്തേയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച മുതല്‍

പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. അതേസമയം, തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് കടക്കാന്‍ അനുവാദം ഉണ്ടാകുക.

വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുക. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വികെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും.

രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എകെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രിയില്‍ത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരെത്തി ക്ഷേത്ര നടകള്‍ തുറക്കും.

Exit mobile version