രാജ്യത്ത് ജനാധിപത്യം എത്രമാത്രം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്ര: കെ മുരളീധരൻ

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടതെന്ന് എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ എംപി. കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരവസരത്തിൽ കാശ്മീരിൽ നടന്നതു പോലെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും മുരളീധരൻ ആശങ്ക പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് നരേന്ദ്രമോഡിയുടെ ശൈലിയാണെന്നും ലാവ്‌ലിൻ കേസാകാം ഇതിന് കാരണമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. കാശ്മീർ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാം, അതിന്റെ സൂചനകളാണ് സിപിഎം നൽകുന്നത്. ന്യൂനപക്ഷത്തിനെതിരെയാണ് സിപിഎം നിലപാട്. കോഴിക്കോട്ട് പാർട്ടി സെക്രട്ടറി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ്. ബിജെപിയെ കൂട്ടുപിടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനാണ് കേരളത്തിൽ സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ ബിജെപിയുമായി എൻസിപി സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ കേരളത്തിലെ എൽഡിഎഫ്-എൻസിപി കൂട്ടുകെട്ടിനെ സിപിഎം ന്യായീകരിക്കുന്നത് ശരദ് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version