‘ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും’ ; എല്ലാ സ്‌കൂളുകളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അടിയന്തര പരിശോധന നടത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.

കണ്ണൂര്‍: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അടിയന്തര പരിശോധന നടത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.

ഇതിനായി പോലീസ്, ഡോക്ടര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ഓവര്‍സിയര്‍, ആര്‍ടിഒ, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി അങ്കണവാടികളിലടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജലാശയം, വനം, കുന്നുകള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാനും കൃത്യമായ ഇടവേളകളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബലവും ദൃഢതയും പരിശോധിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വിദ്യാലയങ്ങളില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും അടിയന്തര പരിശോധനക്ക് നിര്‍ദേശം നല്‍കി

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അടിയന്തര പരിശോധന നടത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പൊലീസ്, ഡോക്ടര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ഓവര്‍സിയര്‍, ആര്‍ടിഒ, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി അങ്കണവാടികളിലടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ വിദ്യാലയങ്ങളിലെയും കെട്ടിടങ്ങളുടെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനാധ്യാപകരോട് നിര്‍ദേശിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ഹയര്‍സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറെയും ഇതിനായി ചുമതലപ്പെടുത്തി.

ജലാശയം, വനം, കുന്നുകള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാനും കൃത്യമായ ഇടവേളകളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബലവും ദൃഢതയും പരിശോധിക്കാനും പ്രത്യേക നിര്‍ദേശം നല്‍കി.

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യുക, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന തടയുക, സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം.

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്‌കൂളുകളിലെ അപകട സാധ്യത പരിശോധിക്കാന്‍ പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

വിദ്യാലയവും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും ക്ലാസ്മുറികളില്‍ വിഷജന്തുക്കള്‍ കയറിവരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്താനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകന്റെയും പിടിഎയുടേയും നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്തണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സ്‌കൂള്‍ സുരക്ഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. വിദ്യാലയ നിരീക്ഷണ സമിതികള്‍ നിരന്തരം സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version