ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം; അധ്യാപകർക്ക് തെറ്റുപറ്റി; ഷെഹ്‌ലയുടെ സ്‌കൂളിലെത്തി ജില്ലാ ജഡ്ജി; നടപടി ഹൈക്കോടതി ഇടപെടലിൽ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ മരിച്ച സംഭവത്തിൽ അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സൺ എന്നിവർ ബത്തേരി സർവജന സ്‌കൂളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി.

ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ ജഡ്ജിയുടെ സന്ദർശനം. സ്‌കൂളിലെത്തി പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു.

സംഭവത്തിൽ അസാധാരണ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. കേരളം ഏറ്റെടുത്ത വിഷയമാണ് ഷെഹ്‌ലയുടെ മരണം. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. കേവലം ഒരു പരിശോധനയിൽ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോർട്ടും അതിൽ നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ദയനീയ സാഹചര്യമാണ് സ്‌കൂളിലെന്ന് വിലയിരുത്തിയ ജില്ലാ ജഡ്ജി പ്രധാന അധ്യാപകൻ അടക്കം അധ്യാപകർക്കുണ്ടായ വീഴ്ചയെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.

അതിനിടെ, ഷെഹ്‌ലയെ ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിച്ചതിന് ശേഷം അടിയന്തര ചികിത്സ നൽകുന്ന കാര്യത്തിൽ അധ്യാപകർക്കുണ്ടായ വീഴ്ചയിലും പ്രതിഷേധം ശക്തമാകുകയാണ്. ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം സഹപാഠികൾ ആവർത്തിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച് നടക്കുകയാണ്. സ്‌കൂളിലടക്കം അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

Exit mobile version