സബ്കളക്ടർക്ക് ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരും കുടുങ്ങും; കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് സംശയം

കൊച്ചി: വ്യാജവരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഐഎഎസ് നേടിയ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന് സഹായം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം. ആസിഫിന് വ്യാജവരുമാന സർട്ടിഫിക്കറ്റ് നൽകിയത് കൈക്കൂലി വാങ്ങിയാണോ എന്നതാണ് വിജിലൻസ് പരിശോധിക്കുന്നത്. അതേസമയം ആസിഫിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഉടൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറും.

തലശേരി സബ് കളക്ടറായ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റും സാമ്പത്തിക വിവരങ്ങളും കാണിച്ചാണ് ഒബിസി സംവരണത്തിൽ ഐഎഎസ് സ്വന്തമാക്കിയതെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശരാശരി 25 ലക്ഷത്തിന് മുകളിൽ കുടുംബത്തിന് വാർഷിക വരുമാനമുണ്ടായിട്ടും പരമാവധി രണ്ടര ലക്ഷം എന്നാണ് ആസിഫ് കാണിച്ചത്. ഒരു ലക്ഷത്തി എൺപതിനായിരമാണ് വാർഷിക വരുമാനമെന്ന് സാക്ഷ്യപ്പെടുത്തി എറണാകുളം കണയന്നൂർ തഹസീൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റാണ് ഇതിനായി ആസിഫ് ഹാജരാക്കിയത്. അതേസമയം, ലക്ഷങ്ങളുടെ വരുമാനമെന്ന തെളിയിക്കുന്ന ആദായനികുതി രേഖകൾ പോലും മറച്ചുവെച്ചുള്ള കണയന്നൂർ തഹസീൽദാറുടെ നടപടിക്ക് പിന്നിൽ ഉന്നത തലത്തിൽ നിന്നും സ്വാധീനം ഉണ്ടായോ എന്നും വിജിലൻസ് പരിശോധിക്കും.

നേരത്തെ, ആസിഫ് സമർപ്പിച്ച സർട്ടിഫിക്കറ്റ് തെറ്റാണെന്ന് എറണാകുളം കളക്ടർ എസ് സുഹാസ് റിപ്പോർട്ട് നൽകിയതോടെയാണ് ചീഫ് സെക്രട്ടറി വിജിലൻസ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. തഹസീൽദാറെ ചോദ്യം ചെയ്തുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാനാണ് ആലോചന. അതേസമയം ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന് നൽകുന്ന റിപ്പോർട്ടിന് ശേഷമാവും ആസിഫിനെതിരായ നടപടികൾ. ഐഎഎസ് റദ്ദാക്കാനും സാധ്യതയുണ്ട്.

Exit mobile version