എന്നും കൺമുന്നിൽ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് എങ്ങനെ വിശ്വസിക്കാനാകും; ഇത് ക്രൂരത; ശബ്ദമുയർത്തി ഉണ്ണി മുകുന്ദനും നിവിൻ പോളിയും

കൊച്ചി: വയനാട് സുൽത്താൻ ബത്തേരിയിലെ അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ രൂക്ഷപ്രതികരണവുമായി നടന്മാരായ നിവിൻ പോളിയും ഉണ്ണി മുകുന്ദനും. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥിനി ഷെഹ്‌ല മരിച്ച സംഭവം അനാസ്ഥയായും അലംഭാവമായും മാത്രം കാണാനാവില്ലെന്നും മറിച്ച് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

‘എന്നും കൺമുന്നിൽ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കൾക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനുമാവും? ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണിൽ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ, നിനക്ക് ആദരാഞ്ജലികൾ’, ഉണ്ണി കുറിച്ചു.

‘ചിലരുടെ അനാസ്ഥകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. ഇത് നീചമായ കുറ്റകൃത്യമാണ്. ആദരാഞ്ജലികൾ മോളെ’ എന്നാണ് നിവിൻ പോളി ഈ വിഷയത്തിൽ പ്രതികരിച്ചത്.

ബുധനാഴ്ച മൂന്ന് മണിയോടെയാണ് ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വന്ന് കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ നിന്നും കാര്യമായ ചികിത്സ നൽകിയില്ല. പാമ്പ് കടി സ്ഥിരീകരിക്കാനും സാധിച്ചില്ല. പിന്നീട് മൂന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞിന് ആന്റി വെനം പോലും നൽകാൻ ഡോക്ടർമാർ തയ്യാറായില്ല.

ഒടുവിൽ ഛർദിച്ചതോടെ ഷെഹ്‌ലയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version