കളിക്കൂട്ടുകാരുടെ അപ്പായുടെ ജീവൻ രക്ഷിക്കാൻ സ്വർണ്ണമാല ഊരി നൽകി അലീന; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സ്‌നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് കലവൂർ

കലവൂർ: കളിക്കൂട്ടുകാരുടെ പിതാവിന്റെ ജീവൻ രക്ഷിക്കാനായി നടത്തുന്ന വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തന്നാലാകും വിധം പിന്തുണ നൽകി നാടിന്റെ കണ്ണിലുണ്ണി ആയിരിക്കുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനി അലീന പൈലോ. സുഹൃത്തുക്കളായ എബിന്റെയും ഷിബിന്റെയും അപ്പായുടെ ജീവൻ രക്ഷിക്കാൻ ധനശേഖരണത്തിന് എത്തിയവർക്ക് കഴുത്തിൽ കിടന്ന അര പവനിലേറെ തൂക്കം വരുന്ന സ്വർണമാല ഊരി നൽകുകയായിരുന്നു ഈ കൊച്ചു മിടുക്കി. പൂങ്കാവ് വടക്കേ പറമ്പിൽ കയർ തൊഴിലാളി പൈലോ ജോസഫിന്റെയും തയ്യൽ തൊഴിലാളി ജൂലിയുടെയും മകളാണ് അലീന. രക്ഷിതാക്കളുടെ സമ്മതത്തോടെ തന്നെയാണ് അര പവനിലേറെ തൂക്കമുള്ള മാല ഇവൾ ഊരി നൽകിയത്.

ഒരു വർഷത്തോളമായി നഷ്ടപ്പെട്ടെന്ന് കരുതിയ മാല കഴിഞ്ഞയാഴ്ചയാണ് അലമാരയിലെ പേപ്പറുകൾക്കിടയിൽ നിന്നും അലീനയ്ക്ക് തിരികെ കിട്ടിയത്. കൽപ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട് ഷിബുവിന്റെ (43) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ചെലവുകൾക്കായാണ് നാടൊന്നാകെ ധനശേഖരണത്തിന് ഇറങ്ങി തിരിച്ചത്. ഇതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ പ്രവർത്തകർ അലീനയുടെ വീട്ടിൽ പിരിവിന് എത്തിയപ്പോഴാണ് വിദ്യാർത്ഥിനി മാല നൽകി മാതൃകയായത്.

അലീനയുടെ മാല വിറ്റ് ലഭിച്ച 17000 രൂപയും പിന്നീട് ഫണ്ടിലേക്ക് വകയിരുത്തി. വൃക്ക രോഗിയായ ഷിബുവിന്റെ അയൽക്കാരാണ് അലീനയുടെ കുടുംബം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10, 11, 12, 13, ആര്യാട് 15, 16, 17, 18 എന്നിങ്ങനെ 8 വാർഡുകളിലായി 48 സ്‌ക്വാഡുകളായി തിരിഞ്ഞ് അഞ്ഞൂറിലേറെ സന്നദ്ധ പ്രവർത്തകരാണ് ഫണ്ട് സമാഹരണത്തിനായി ഇറങ്ങിയത്. 2 മണിക്കൂറിനുള്ളിൽ 9,63,298 രൂപയാണ് ഇവർ സമാഹരിച്ചത്.

തുക ഉടൻ തന്നെ ഷിബുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് സഹായ സമിതി ചെയർമാൻ എൻപി സ്‌നേഹജനും വൈസ് ചെയർമാൻ സിനിമോൾ ജോജിയും കൺവീനർ ജയൻ തോമസും അറിയിച്ചു. ചടങ്ങിൽ വെച്ച് അലീനയേയും ആദരിക്കും. ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അലീന. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഈ മിടുക്കി കൈയ്യടി നേടിയിരുന്നു.

Exit mobile version