ആസ്ബറ്റോസ് ഷീറ്റ് ഇട്ട രണ്ടുമുറി വീട്ടിൽ നിന്നും ഇന്ത്യയ്ക്ക് ഒരു ഷ്വാർസ്‌നെഗർ; മിസ്റ്റർ യൂണിവേഴ്‌സ് പട്ടം ചൂടി മലയാളികളുടെ അഭിമാനം ചിത്തരേഷ്; ആഗ്രഹം സർക്കാർ ജോലി

കൊച്ചി: ഇന്ത്യയുടെ ‘അർണോൾഡ് ഷ്വാർസ്‌നെഗർ’ എന്ന് ചിത്തരേഷ് നടേശനെ കണ്ണുംപൂട്ടി വിളിക്കാം. കാരണമെന്തെന്നാൽ 1967ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അർണോൾഡ് നേടിയ ഒരു പട്ടം ഇന്ന് ഒരു 33കാരനായ ചിത്തരേഷിനെ തേടിയെത്തിയിരിക്കുകയാണ്. രാജ്യത്തിന് അഭിമാനമായി ചിത്തരേഷ് നടേശൻ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം ചൂടിയപ്പോൾ മലയാളികൾക്ക് അത് ഇരട്ടി മധുരമായി. കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തിയാണ് ചിത്തരേഷ് അന്താരാഷ്ട്ര തലത്തിൽ മത്സരിച്ച് മിസ്റ്റർ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയത്. രാജ്യത്തേക്ക് ആദ്യമായാണ് മിസ്റ്റർ യൂണിവേഴ്‌സ് പട്ടം എത്തുന്നത്. അതും ചിത്തരേഷ് എന്ന മലയാളിയായ ബോഡി ബിൽഡറിലൂടെ. എറണാകുളം വടുതല സ്വദേശിയായ ചിത്തരേഷിന്റെ നേട്ടത്തിൽ മലയാളികൾക്ക് അഭിമാനം മാത്രമേയുള്ളൂ. എന്നാൽ സാമ്പത്തികമായ കടുത്ത പരാധീനതകൾക്ക് ഇടയിലാണ് ചിത്തരേഷ് നേട്ടം സ്വന്തമാക്കിയത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് മേൽക്കൂരയുള്ള ചെറിയ രണ്ടുമുറി വീട്ടിലേക്കാണ് ചിത്തരേഷ് തന്റെ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം കൊണ്ടുവന്നത്.

ശരീരപേശികളുടെ അഴകളവുകൾ പ്രദർശന മേളയാക്കിയ പതിനൊന്നാമത് ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്‌പോട്‌സ് ചാംപ്യൻഷിപ്പ് നടന്നത് ദക്ഷിണ കൊറിയയിൽ ആയിരുന്നു. ഇവിടെയെത്തിയ 38 രാജ്യങ്ങളിലെ മികച്ച ബോഡിബിൽഡർമാരെ പിന്നിലാക്കിയാണ് മസിൽ കരുത്ത് കാണിച്ച് ചിത്തരേഷ് വിജയ കിരീടം ചൂടിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ചിത്തരേഷ് രാജ്യത്ത് നിന്ന് ആദ്യമായി മിസ്റ്റർ യൂണിവേഴ്‌സ് പട്ടമണിഞ്ഞ ബോഡി ബിൽഡറാവുകയായിരുന്നു. ലോക കിരീടം ചൂടി നാടിന് അഭിമാനമായെങ്കിലും കടുത്ത സാമ്പത്തികമായ പ്രതിസന്ധികളെ മറികടക്കാൻ ആകാതെ വിഷമത്തിലാണ് ചിത്തരേഷ് ഇപ്പോഴും. ഒരു സർക്കാർ ജോലിയാണ് ഈ ചെറുപ്പക്കാരന്റേയും ആഗ്രഹം. ജീവിതം കരയ്ക്ക് അടുപ്പിക്കാനും കായിക ജീവിതം മുന്നോട്ടു കൊണ്ടു പോകാനും ജോലിയില്ലാതെ സാധിക്കില്ല. പശുവിനെ വളർത്തിയാണ് ചിത്തരേഷിന്റെ കുടുംബം ഇപ്പോഴും ഉപജീവനം കഴിക്കുന്നത്. പിതാവ് പശുവിനെ വളർത്തിയാണ് തന്റെ കുടുംബം പോറ്റുന്നതെന്ന് പറയാൻ ചിത്തരേഷിന് അഭിമാനം മാത്രം.

കഷ്ടപ്പാടുകൾക്ക് ഇടയിലും ചിലവേറി തന്റെ ദൗത്യത്തിൽ നിന്നും പിന്മാറാൻ ചിത്തരേഷ് ഒരുക്കമല്ലായിരുന്നു. ലോക കിരീടം സ്വന്തമാക്കാൻ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും കോച്ചുമായ എംപി സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിച്ച് ഇരിക്കാൻ സമ്മതിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും നാടും ത്യജിച്ചുള്ള കഠിനമായ പരിശീലനത്തിന് കൂടെ നിന്നത് സാഗറാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ നാടും കൂട്ടുകാരും കൂടെ നിന്നത് ചിത്തരേഷിന് ധൈര്യമായി. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡൻ എംപിയും വ്യക്തിപരമായി തന്നെ സഹായിച്ചിട്ടുണ്ടെന്നു ചിത്തരേഷ് പറയുന്നു.

ഡൽഹിയിൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുകയാണ് ചിത്തരേഷ്. വേൾഡ് ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്‌പോർട്‌സ് ചാംപ്യൻഷിപ്പിനായി കഠിന പരിശ്രമത്തിലായിരുന്ന ചിത്തരേഷ് വടുതലയിലെ വീട്ടിലേക്കുള്ള യാത്ര ഒരുവർഷമായി ഒഴിവാക്കിയിരിക്കുകയായിരുന്നു. പരിശീലനത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കാനായിരുന്നു ഇത്. അവസാനമായി വടുതലയിലെത്തിയത് ഒരു വർഷം മുമ്പാണ്. എന്നാൽ, കഴിഞ്ഞദിവസം ചിത്തരേഷ് വടുതലയിലെത്തിയതു നാടാകെ അറിഞ്ഞ് വലിയ ആഘോഷമായി. മിസ്റ്റർ യൂണിവേഴ്‌സിനെ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനും എത്തുന്നവരുടെ തിരക്കാണു വീട്ടിൽ. ചിത്തരേഷിനെ ഉദ്ഘാടനങ്ങൾക്കു ക്ഷണിക്കാനും ഒട്ടേറെപ്പേർ എത്തുന്നുണ്ട്.

നേരത്തെ മുതൽ പല ചാംപ്യൻഷിപ്പുകളിലും ചിത്തരേഷ് പങ്കെടുത്തിരുന്നു എങ്കിലും അതെല്ലാം ഡൽഹിയെ പ്രതിനിധീകരിച്ചായിരുന്നു. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ സ്വപ്ന നേട്ടം കരസ്ഥമാക്കിയാണ് ചിത്തരേഷ് വിസ്മയിപ്പിച്ചത്. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ചിത്തരേഷ് തുടർന്നു നടന്ന മത്സരത്തിൽ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്‌സ് നേടിയത്.

Exit mobile version