സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് സ്റ്റോക്കിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചു; മാനസിക പീഡനത്തെ തുടർന്ന് താൽക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തു

കാർത്തികപ്പള്ളി: എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് സ്‌റ്റോക്കിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് പ്രചാരണങ്ങൾ നടത്തിയതിന് പിന്നാലെ താൽക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തു. കുമാരപുരം എരിക്കാവ് മാമൂട്ടിൽ ശ്രീകുമാറിന്റെ ഭാര്യ അരുണയെ (32)യാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ മരുന്ന് സ്റ്റോക്ക് പരിശോധനയുടെ പേരിൽ ഡോക്ടറും പഞ്ചായത്തംഗങ്ങളും അപമാനിച്ചതിനെ തുടർന്നാണ് അരുണ ജീവനൊടുക്കിയതെന്നു ബന്ധുക്കളും സിപിഎം പ്രാദേശിക നേതൃത്വവും ആരോപിച്ചു. ഡോക്ടർക്കും പഞ്ചായത്തംഗങ്ങൾക്കും എതിരായ അരുണയുടെ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

താൽക്കാലിക ജീവനക്കാരിയായ അരുണ അവധിയിലായിരുന്ന 15നാണ് ആശുപത്രിയിൽ മരുന്നു കുറവാണെന്നു ഡോക്ടർ രത്‌നകുമാർ പഞ്ചായത്തംഗം എം സാബുവിനെ വിവരമറിയിച്ചത്. തുടർന്ന്, 16ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി കൈപ്പള്ളി ഉൾപ്പെടെ പഞ്ചായത്തംഗങ്ങൾ ആശുപത്രിയിലെത്തി ചർച്ച നടത്തി. ചില കുപ്പികളിൽ വെള്ളം നിറച്ചിരിക്കുകയാണെന്നു സംശയം തോന്നിയതോടെയാണ് ആയുർവേദ ഡിഎംഒയെ അറിയിച്ച ശേഷം കൂടുതൽ പഞ്ചായത്തംഗങ്ങളെ വരുത്തി ജിമ്മിയുടെയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ റോഷിന്റെയും നേതൃത്വത്തിൽ വിശദമായ പരിശോധന നടന്നത്. പിന്നീട് തിങ്കളാഴ്ച അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യാമെന്നു പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച പരിശോധന അവസാനിപ്പിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് സ്റ്റോക്കിൽ തിരിമറി നടത്തിയത് അരുണയാണെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നത്. വിവരമറിഞ്ഞ് ശനിയാഴ്ച വൈകിട്ടോടെ വീടിനകത്ത് ആരോപണ വിധേയയായ അരുണ തൂങ്ങി മരിക്കുകയായിരുന്നു. അരുണയെ മനഃപൂർവം അധിക്ഷേപിക്കാനാണ് പഞ്ചായത്തംഗങ്ങൾ ശ്രമിച്ചതെന്ന് അരുണയുടെ അച്ഛൻ രവീന്ദ്രൻ ആരോപിച്ചു.

എറണാകുളത്ത് ലോറി ഡ്രൈവറായ അരുണയുടെ ഭർത്താവ് ശ്രീകുമാർ സംഭവദിവസം വൈകീട്ട് 5.30ന് വീട്ടിലെത്തിയപ്പോഴാണ് അരുണ ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞത്. പിന്നീടാണ് മരിച്ച വിവരം ശ്രീകുമാറിനെ അറിയിച്ചത്. അരുണ പോയതോടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾക്ക് നഷ്ടമായത് അമ്മയുടെ തണലാണ്. ശ്രീകുമാർ-അരുണ ദമ്പതികളുടെ മക്കളായ അങ്കണവാടിയിൽ പഠിക്കുന്ന ശ്രീലക്ഷ്മിയും സ്‌കൂൾ വിദ്യാർത്ഥിയായ ശ്രീഹരിയും സംഭവിച്ചതൊന്നും മനസിലാവാതെ ഇപ്പോഴും പകപ്പിലാണ്.

Exit mobile version