കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടവിഹിതം നൽകിയില്ല; സംസ്ഥാനം 20,000 കോടി രൂപയുടെ കുറവ് അഭിമുഖീകരിക്കുന്നു: തോമസ് ഐസക്ക്

ആലപ്പുഴ: ചരക്ക്-സേവന നികുതിയിനത്തിൽ നൽകേണ്ട നഷ്ടവിഹിതം കേന്ദ്രസർക്കാർ നൽകാത്തതിനാൽ സംസ്ഥാനം ഇപ്പോൾ 20,000 കോടി രൂപയുടെ കുറവ് അഭിമുഖീകരിക്കുന്നെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തിൽ നഷ്ടവിഹിതമായി 1600 കോടി രൂപ കിട്ടേണ്ടതാണ്. ഇത് ലഭിക്കാതെ വന്നതോടെയാണു ട്രഷറി നിയന്ത്രണമേർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ പ്രതിസന്ധി സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുന്ന അവസ്ഥ ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള ധനവിഹിതത്തിൽ 12,000 കോടിയുടെ കുറവുണ്ടാകുമെന്നു നേരത്തേ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതിനുപുറമേ 5000 കോടിയുടെ കുറവുകൂടി ഉണ്ടാകുമെന്നും ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഇതെല്ലാംചേർന്ന് 20,000 കോടിയുടെ പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നത്.

സംസ്ഥാനത്തിന്റെ പ്രതിസന്ധി മറികടക്കാൻ 6,500 കോടി രൂപയുടെ വായ്പയെടുക്കാൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഇതിനും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. ചുരുക്കത്തിൽ, കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇത് ബാധിക്കുന്നുണ്ട്. ഇതിനെതിരേ മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് പൊതുഅഭിപ്രായം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version