അംഗീകരിച്ച് നടപ്പാക്കുകയാണ് ഉത്തരവാദിത്വം; ശബരിമല വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കെ വിധി എന്തുതന്നെ ആയാലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന ആവശ്യവുമായി സിപിഎം. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട 56 പുനഃപരിശോധന ഹർജികളിലാണ് നാളെ കോടതി വിധി പറയുന്നത്.

സുപ്രീംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു. ആദ്യം ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോൾ എല്ലാവരും സ്വാഗതം ചെയ്തതാണ്. അത് നടപ്പാക്കരുതെന്നോ ശരിയല്ലെന്നോ ഒരു ഭാഗത്ത് നിന്നും പ്രതികരണം വന്നില്ല. പിന്നീട് കേരളത്തിലും പത്തനംതിട്ട ജില്ലയിലും രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്താൻ പരിശ്രമങ്ങൾ വന്നപ്പോഴാണ് മറ്റ് പ്രശ്‌നങ്ങളുണ്ടായത്. അത്തരത്തിലുള്ള അവസ്ഥ ഇപ്പോഴില്ല.

റിവ്യൂ ഹർജികളിൽ കോടതി നിയമാനുസൃതം വിധി പറയും. അത് എന്തായാലും അംഗീകരിച്ച് നടപ്പാക്കുക എന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്ത് വരുന്ന ഘട്ടത്തിലാണ് വിധി വരുന്നത്. ഒരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്ക് ബോധപൂർവ്വം കൊണ്ട് പോയാലേ പ്രശ്‌നങ്ങളുണ്ടാകൂ. അല്ലെങ്കിൽ കലാപമുണ്ടാകില്ല. യുഡിഎഫും പ്രത്യേകിച്ച് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കലാപ അന്തരീക്ഷം സൃഷ്ടിച്ചത്. സിപിഎം എക്കാലത്തും വിശ്വാസികളുടെ പാരമ്പര്യങ്ങൾക്ക് എതിരല്ലെന്നും സിപിഎം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വർഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹർജികളിൽ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹർജികളിലും നിരവധി കോടതി അലക്ഷ്യ ഹർജികളിലും സുപ്രീംകോടതി തീരുമാനം പറയും. മണ്ഡലകാല പൂജകൾക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.

Exit mobile version