പിഎസ്‌സി പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം; ക്രമക്കേട് തടയാൻ തയ്യാറെടുപ്പുകൾ

ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിങ് ബട്ടൺ ക്ലിക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം.

തിരുവനന്തപുരം: പിഎസ്‌സി വൺ ടൈം രജിസ്‌ട്രേഷൻ ചെയ്തവരെല്ലാം പ്രൊഫൈലുമായി ആധാർ നമ്പർ ബന്ധിപ്പിക്കണം. ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗാർത്ഥികൾക്ക് പുതിയ നിർദേശം. പിഎസ്‌സി ഇതിനുള്ള സൗകര്യം പ്രൊഫൈലിൽ ഏർപ്പെടുത്തിയതായി അറിയിച്ചിരിക്കുകയാണ്. ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിങ് ബട്ടൺ ക്ലിക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം.

പിഎസ്‌സിയുടെ ഒറ്റത്തവണ പ്രൊഫൈലിൽ നിലവിൽ 50 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ആധാർ നമ്പർ പ്രൊഫൈലിൽ രേഖപ്പെടുത്തിയവരുമുണ്ട്. അവരും ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതുണ്ട്. പരീക്ഷയുൾപ്പെടെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയെ തിരിച്ചറിയാൻ വിരലടയാളം പോലുള്ള ആധാർ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ പിഎസ്‌സി തീരുമാനിക്കുകയായിരുന്നു. ആൾമാറാട്ടം തടയുകയാണു ലക്ഷ്യം.

ആധാർ ബന്ധിപ്പിക്കാനുള്ള നടപടിക്രമം ഇങ്ങനെ: പ്രൊഫൈൽ ലോഗിൻ ചെയ്യുക. ഹോം പേജിലെ ആധാർ ലിങ്കിങ് ബട്ടൺ ക്ലിക് ചെയ്യുക. ലിങ്കിങ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുള്ള പേര് എന്നിവ നൽകി കൺസെന്റ് ഫോർ ഒഥന്റിക്കേഷനിൽ ടിക് ചെയ്യുക. ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടൺ ക്ലിക് ചെയ്യുക. ഇതോടെ ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാകും.

Exit mobile version