മണ്ഡലകാലത്ത് വനിതാ പോലീസിനെ നിയോഗിക്കില്ല; സംഘർഷങ്ങൾക്ക് സാധ്യത; കർശന സുരക്ഷ ഒരുക്കും

തിരുവനന്തപുരം: ഈ വർഷം മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചേക്കില്ലെന്ന് സൂചന. കഴിഞ്ഞവർഷത്തെപ്പോലെ ഈ വർഷവും സംഘർഷങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി കർശന സുരക്ഷയ്ക്കായി പദ്ധതി തയാറാക്കി. എന്നാൽ പോലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അയ്യായിരത്തോളം പോലീസിനെ വിന്യസിച്ചെങ്കിൽ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പോലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നിൽക്കും. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടേണ്ടെന്നാണു തീരുമാനം.

പോലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയിൽ യുവതി പ്രവേശനത്തെ കുറിച്ച് പരാമർശമില്ല. സ്ത്രീ പ്രവേശനം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല. യുവതികൾക്ക് പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനഃപരിശോധനാ ഹർജിയും നിലനിൽക്കുന്നൂവെന്നു മാത്രമാണ് പരാമർശം. എങ്കിലും പ്രതിഷേധങ്ങൾ ആവർത്തിച്ചേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സാധാരണയുള്ള സുരക്ഷാക്രമീകരണത്തിനൊപ്പം പ്ലാൻ ബിയും ചേർത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സന്നിധാനത്തും പമ്പയിലുമെല്ലാം ഐജിമാർ നേരിട്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെങ്കിൽ ഇത്തവണ ഡിഐജിയും എസ്പിയുമായി അതു ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തിൽ ഇല്ല. സന്നിധാനത്ത് ഡിഐജിയും പമ്പയിലും നിലയ്ക്കലിലും എസ്പിമാരും നേതൃത്വം നൽകും. എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിനും ഐജിമാരായ എംആർ അജിത്കുമാറിനും ബൽറാം കുമാർ ഉപാധ്യായക്കുമാണ് മേൽനോട്ടച്ചുമതല. തീവ്രവാദഭീഷണിയുണ്ടെന്ന മുന്നറിപ്പ് ലഭിച്ച സാഹചര്യത്തിൽ ആർമിയുടെ സഹായത്തോടെ വ്യോമനിരീക്ഷണവും ഉണ്ടാകും.

Exit mobile version