യുവതി പ്രവേശന വിധി ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ത്ഥാടകരെ തടയുന്നത് തുടരുകയാണെന്നും ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്ന് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാന്‍ സാവകാശം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ത്ഥാടകരെ തടയുന്നത് തുടരുകയാണെന്നും ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനായിട്ടില്ല, കേന്ദ്ര ഉന്നതാധികാര സമിതി നിര്‍മാണ നിയന്ത്രണത്തിന് ശുപാര്‍ശയും നല്‍കി. സ്ത്രീകള്‍ക്കാവശ്യമായ റെസ്റ്റ് റൂം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ സമയം വേണം. മണ്ഡലകാലത്തെ ദര്‍ശനത്തിനായി ആയിരത്തോളം സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്നും ബോര്‍ഡ് വ്യക്തമാക്കി.

Exit mobile version