മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം സംസ്‌കരിച്ചു; പാളയം പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം

തിരുവനന്തപുരം: മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ സംസ്‌കരിച്ചതിന്റെ പേരിൽ പള്ളി പരിസരത്ത് വിശ്വാസികളുടെ പ്രതിഷേധം. പാളയം പള്ളിയുടെ കീഴിൽ വരുന്ന പാറ്റൂർ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചതിനെ തുടർന്നാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വെട്ടുകാട് ഇടവകയിൽപ്പെട്ട മിഥുൻ മാർക്കോസ് എന്നൊരു യുവാവ് പത്തുവർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം വെട്ടുകാട് പള്ളിയിൽ സെല്ലാറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മിഥുന്റെ മൃതദേഹം കഴിഞ്ഞയാഴ്ച പാറ്റൂർപള്ളിയിൽ സംസ്‌കരിച്ചിരുന്നു. ഇതേ തുടർന്നാണ് പാളയം പള്ളിയിൽ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചത്.

പള്ളിക്കമ്മറ്റിക്കാർ പണം സ്വീകരിച്ച് സംസ്‌കാരത്തിന് അനുമതി നൽകിയെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. വിഷയം പരിഹരിക്കാൻ പള്ളി ഹാളിൽ യോഗം ചേരുകയും ചെയ്തു. ബിഷപ്പ് ഹൗസിൽനിന്ന് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Exit mobile version