അലന്റേയും താഹയുടേയും ജാമ്യാപേക്ഷ 14ാം തീയതി പരിഗണിക്കും; സർക്കാരും പോലീസും വിശദീകരണം നൽകണമെന്നും ഹൈക്കോടതി

കൊച്ചി: കോഴിക്കോട് നിന്നും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14ാം തീയതിയിലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്ന അന്ന് പോലീസും സർക്കാരും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

രണ്ട് ജാമ്യ ഹർജിയും ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും എന്നാൽ വിഷയത്തിൽ സർക്കാരിൽ നിന്നും പോലീസിൽ നിന്നും വിശദീകരണം ചോദിച്ച കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

അതേസമയം, മാവോവാദി ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്നാണ് ഇരുവരുടേയും ജാമ്യഹർജികളിൽ പറയുന്നു. നിയമ വിദ്യാർത്ഥിയാണെന്നും തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. തന്റെ വീട്ടിൽ നിന്ന് ഒരു ഫോൺ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.

പിടിയിലാകുമ്പോൾ തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന കാര്യമാണ് താഹയുടെ ജാമ്യാപേക്ഷയിൽ പറയുന്നത്. ജേർണലിസം വിദ്യാർത്ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് സംഘടനയിൽ അംഗമാണെന്ന് പറയാൻ കഴിയില്ലെന്നും ഉൾപ്പടെയുള്ള കാര്യങ്ങളാണ് താഹയുടെ ജാമ്യഹർജിയിൽ പറയുന്നത്.

Exit mobile version