ഐഎഫ്എഫ്‌കെ ഡിസംബർ ആറ് മുതൽ; രജിസ്‌ട്രേഷൻ നവംബർ എട്ടിന് ആരംഭിക്കും; 1500 വരെ ഫീസ്

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ആറ് മുതൽ 13 വരെ തിരുവനന്തപുരത്ത്. നവംബർ എട്ട് മുതൽ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷൻ ആരംഭിക്കും. നവംബർ 15 കഴിഞ്ഞാൽ 50 ശതമാനം ഫൈനോടു കൂടി രജിസ്റ്റർ ചെയ്യേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ വർഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബർ 25നുശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപയുമയിരിക്കും. വിദ്യാർത്ഥികൾക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. ഓഫ് ലൈൻ രജിസ്‌ട്രേഷൻ നവംബർ എട്ടിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിലും ഓഫ്‌ലൈൻ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഓഫ്‌ലൈൻ രജിസ്‌ട്രേഷനിൽ മുതിർന്ന പൗരന്മാർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ചലച്ചിത്രമേള ഡിസംബർ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലൻ അധ്യക്ഷനാവും. മലയാളത്തിലെ മികച്ച സിനിമകളിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. ‘മൂന്നാംലോക സിനിമ’യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായക പ്രതിഭയാണ് സൊളാനസ്.

ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാൾവഴികളെ ദൃശ്യപരമായി അടയാളപ്പെടുത്തുന്ന ‘ദ അവർ ഓഫ് ദ ഫർണസസ്’, അർജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യൽ ജെനോസൈഡ്’ തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ചലച്ചിത്രചരിത്രത്തിലെ അതികായനായി മാറിയ സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെ പാക്കേജ്, മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം ജെ രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകർഷണങ്ങളാണ്. മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക.

ആകെ 10,000 പാസുകളാണ് വിതരണംചെയ്യാനുദ്ദേശിക്കുന്നത്. അതിൽ നാല് മേഖലാകേന്ദ്രങ്ങൾക്കും 250 വീതവും തിരുവനന്തപുരത്ത് 500 ഉം ഉൾപ്പെടെ 1500 പേർക്ക് ഓഫ്‌ലൈനായി ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികൾക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും രജിസ്‌ട്രേഷൻ. 12 മുതൽ പൊതു വിഭാഗത്തിനായുള്ള രജിസ്‌ട്രേഷൻ തുടങ്ങും.

Exit mobile version