മരട് ഫ്‌ളാറ്റ്; എയര്‍കണ്ടീഷണര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയതായി ഉടമകള്‍

കൊച്ചി: തങ്ങളുടെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍കണ്ടീഷണര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയെന്ന പരാതിയുമായി ഉടമകള്‍ രംഗത്ത്. തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ളാറ്റില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് ഇന്ന് കൂടി കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ വേണ്ടി എത്തിയപ്പോഴാണ് എയര്‍ കണ്ടീഷണര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയ വിവരം ഫ്‌ളാറ്റ് ഉടമകള്‍ അറിയുന്നത്.

അതേസമയം ഫ്‌ളാറ്റില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ ചുമതലയുള്ള കമ്പനി സഹകരിക്കുന്നില്ലെന്നും ഉടമകള്‍ ആരോപിച്ചു. ഫ്ളാറ്റില്‍ നിന്ന് തങ്ങള്‍ക്ക് സാധനങ്ങള്‍ പൂര്‍ണ്ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാര നിര്‍ണ്ണയ കമ്മിറ്റിക്ക് മുമ്പാകെ പരാതി സമര്‍പ്പിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് എയര്‍ കണ്ടീഷനുകള്‍, ഫാനുകള്‍, സാനിറ്ററി ഉപകരണങ്ങള്‍ എന്നിവ നീക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റി ഫ്ളാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി കൂടി നല്‍കിയിരിക്കുന്നത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Exit mobile version