കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ; മാതാപിതാക്കൾ വിമാനത്താവള ജീവനക്കാർ

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ പള്ളിമുറ്റത്ത് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തിരുവണ്ണൂർ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടിൽ ചെരിപ്പ് സൂക്ഷിക്കുന്ന ഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു:’ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം’- എന്നൊക്കെയായിരുന്നു കുറിപ്പിൽ.

വനിതാ പോലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നാണ് വിവരം.

Exit mobile version