യുഎപിഎ ചുമത്തിയത് കിരാത നടപടി; സിപിഐ പറയുന്നതും സർക്കാരിന് മനസിലാകാത്തത് എന്തുകൊണ്ട്: ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവർക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവർക്കെതിരായല്ല യുഎപിഎ ചുമത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘യുഎപിഎ ചുമത്തിയതിലൂടെ സർക്കാരിന്റെ കിരാത മുഖമാണ് വ്യക്തമാകുന്നത്. എല്ലാ ജനാധിപത്യാവകാശങ്ങളെയും അടിച്ചമർത്തിക്കൊണ്ട് മുന്നോട്ടുപോകുകയാണ് സർക്കാർ. സർക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം. സിപിഐ ഉന്നയിക്കുന്ന കാര്യങ്ങൾ പോലും സർക്കാരിന് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല’- ചെന്നിത്തല ആഞ്ഞടിച്ചു.

മാവോവാദി അനുകൂല ലഘുലേഖകൾ കൈവശംവെച്ചതിന്റെ പേരിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി അലയ്ൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Exit mobile version