ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസെടുത്തു; നടപടി ഡിജിപിക്ക് ലഭിച്ച പരാതിയിൽ

പാലക്കാട്: ഓൺലൈനിലൂടെ പണം സമാഹരിച്ച് ചാരിറ്റി പ്രവർത്തികൾ ചെയ്യുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. പൊതുതാത്പര്യ പ്രവർത്തകൻ അപർണ്ണയിൽ ആഷിഷ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നൽകിയ പരാതിയിലാണ് നടപടി.

ആലത്തൂർ പോലീസാണ് കേസെടുത്തത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുക എന്ന നിർദേശത്തോടെ പരാതി ആലത്തൂർ പോലീസിന് നൽകുകയായിരുന്നു. ഫിറോസിന്റെ പ്രവർത്തനങ്ങളേയും രാഷ്ട്രീയ ചായ്‌വിനേയും വിമർശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ യുവതിയെ അപമാനിച്ച സംഭവത്തിലാണ് ഈ നടപടികൾ. അന്വേഷണം ആരംഭിച്ചതായി സിഐ ബോബിൻ മാത്യുവും എസ്‌ഐ എംആർ അരുൺകുമാറും അറിയിച്ചു.

നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കെഎസ്‌യു മലപ്പുറം മുൻ ജില്ലാ വൈസ്പ്രസിഡന്റ് ജസ്‌ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു.

വേശ്യയെന്നും ശരീരം വിൽക്കുന്നവളെന്നും ഉൾപ്പടെ വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്‌ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. താനുൾപ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയിൽ ഉള്ളതെന്നും ജസ്‌ല പറഞ്ഞിരുന്നു. സംഭവത്തിൽ ഫിറോസ് കുന്നംപറമ്പിൽ മാപ്പും പറഞ്ഞിരുന്നു.

Exit mobile version