എലിയെ പിടിക്കാൻ ശുചിമുറിയിൽ കയറി, വാതിലടഞ്ഞ് കെണിയിലായത് ദമ്പതികൾ; രക്ഷിക്കാൻ വന്ന പോലീസും കുടുങ്ങി; സംഭവം കൊല്ലത്ത്

ചാത്തന്നൂർ: എലിയെ ഓടിച്ചിട്ട് പിടിക്കാൻ ശുചിമുറിയിലേക്ക് കയറിയ ദമ്പതികൾ വാതിലടഞ്ഞ് അകത്ത് കുടുങ്ങി കിടന്നത് മണിക്കൂറുകൾ. ഒടുവിൽ പോലീസെത്തി രക്ഷക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനും വീടിനകത്ത് കുടുങ്ങി പോയി. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങി. ചാത്തന്നൂർ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ 6നാണു സംഭവം. ദമ്പതികൾ മാത്രമാണു വീട്ടിലുള്ളത്. മക്കൾ ബംഗളൂരുവിലാണ്.

വീടിനുള്ളിലെ ശുചിമുറിയിലേക്ക് എലി കയറുന്നത് കണ്ടാണ് ദമ്പതികൾ പിന്നാലെ ചെന്നത്. എലി രക്ഷപ്പെടാതിരിക്കാൻ വാതിലും അടച്ചു. എന്നാൽ എലിയെ കണ്ടെത്താൻ കഴിയാതായതോടെ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലാണ് ഇരുവരും കുടുങ്ങിയത്. ശബ്ദം പുറത്തേക്ക് കേൾക്കാൻ പ്രയാസമുള്ളതിനാൽ വെന്റിലേഷൻ ഭാഗത്തു കൂടി ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല. രണ്ടുമണിക്കൂർ നേരം ഇരുവരും അകത്ത് കുടുങ്ങിയത് ആരും അറിഞ്ഞില്ല. പിന്നീടു ശുചിമുറിയിലെ പ്ലാസ്റ്റിക് കപ്പിന്റെ ചുവടു ഭാഗം പൊട്ടിച്ചു മെഗാഫോൺ പോലെ ആക്കി അതിൽ കൂടി രക്ഷിക്കണേ എന്നു നിർത്താതെ ഉറക്കെ വിളിച്ചതോടെ അയൽവീട്ടുകാരുടെ ബന്ധുക്കളാണു നിലവിളി കേട്ടത്.

ഗേറ്റ് അടച്ചുപൂട്ടിയ നിലയിൽ ആയതിനാൽ പോലീസ് മതിൽ ചാടി ഉള്ളിൽക്കടന്നു. എല്ലാ വാതിലുകളും ഇരുമ്പുപട്ടകളും മറ്റും തറച്ചു പൂർണ സുരക്ഷയിലായിരുന്നു. വീടിന്റെ നാലു വശങ്ങളിലും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ വിടവിലൂടെ ഒരു പോലീസുകാരൻ സിറ്റൗട്ടിൽ കയറിയെങ്കിലും മുൻവാതിൽ തുറക്കാൻ കഴിഞ്ഞില്ല. തിരിച്ചിറങ്ങാനാകാതെ പോലീസുകാരനും സിറ്റൗട്ടിൽ കുരുങ്ങി. ഇതിനിടെ ശുചിമുറിയുടെ വെന്റിലേഷനിലൂടെ ചുറ്റിക ദമ്പതികൾക്കു കൊടുക്കുകയും ചുറ്റിക കൊണ്ട് അടിച്ചു വാതിൽ തുറക്കുകയാമായിരുന്നു.

Exit mobile version