പരാതി നൽകിയത് രണ്ട് വർഷം മുമ്പ്; കൂടത്തിൽ കുടുംബത്തിന്റെ സ്വത്തല്ല, മരണത്തിലെ ദുരൂഹത നീക്കാനാണ് തന്റെ ശ്രമമെന്ന് പരാതിക്കാരി

തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിലെ ഏഴ് മരണങ്ങളിലെയും സ്വത്ത് തട്ടിപ്പിലെയും ദുരൂഹത ചൂണ്ടിക്കാണിച്ച് രണ്ടു വർഷം മുൻപു പരാതി നൽകിയിരുന്നതായി പരാതിക്കാരി പ്രസന്നകുമാരി. ക്രൈംബ്രാഞ്ചും ഇന്റലിജൻസും മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ജയമാധവൻ നായരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും പിന്നീടു മറുപടിയൊന്നും ലഭിക്കാത്തതിനാൽ സംശയം വർധിപ്പിച്ചു. മരണത്തിലെ ദുരൂഹത പുറത്തുവരാനാണ് അസുഖങ്ങൾ അലട്ടുന്ന പ്രായത്തിലും നീതിയ്ക്കായി പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പ്രസന്നകുമാരി പറയുന്നു.

30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ തലസ്ഥാനത്തു കൂടത്തായി മാതൃകയിൽ കൊലപാതകപരമ്പര നടന്നതായാണ് പ്രസന്നകുമാരിയുടേയും നാട്ടുകാരുടെയും സംശയം. കരമന, കാലടി കുളത്തറയിൽ കൂടത്തിൽ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹത.

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകൻ ജയമാധവൻ, വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരുടെ മരണമാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നൽകിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്. തന്റെ ഏകമകൻ പ്രകാശനാണു സ്വത്തുക്കളുടെ അവകാശിയെന്നു പ്രസന്നകുമാരി മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിൽ പറയുന്നു.

Exit mobile version