കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ്

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് കോന്നി ഉപതെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ ജില്ലാനേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളിക്കൊണ്ടായിരുന്നു ബാബു ജോര്‍ജിന്റെ പ്രസ്താവന. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഒരു നേതാവും പറയുമെന്ന് കരുതുന്നില്ലെന്നും ബാബു ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തിനെന്നപ്പോലെ ആ കമ്മിറ്റിയുടേയും ഉത്തരവാദിത്തത്തിലാണ് പ്രചാരണം നടത്തിയത്.

എന്നാല്‍ കോന്നി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ജില്ലാ കമ്മിറ്റിക്ക് മാത്രമായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതാണ്. സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് അഭിപ്രായം പറയാം. അങ്ങനെ ഒരു അഭിപ്രായം മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും തീരുമാനമെടുത്തതെല്ലാം കെപിസിസിയാണെന്നും ബാബു ജോര്‍ജ് പറഞ്ഞു.

Exit mobile version