‘മരിച്ചാൽ നാട്ടുകാർ എല്ലാം സഹായത്തിന് വരും’; മരണത്തെ കുറിച്ച് സംസാരിച്ചു കിണറ്റിൽ ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; ദാരുണം

കോന്നി: മരണത്തെ കുറിച്ച് സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പ്രമാടം മുണ്ടക്കാമുരുപ്പ് പുത്തന്‍പുരയില്‍ ടികെ രാജന്‍ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ഇയാൾ തെങ്ങുംകാവ് പടിഞ്ഞാറുള്ള പത്തലുകുത്തി സുമേഷിന്റെ വീട്ടിലാണ് മറ്റൊരു തൊഴിലാളിയായ കൃഷ്ണന്‍കുട്ടിക്ക് ഒപ്പം കിണര്‍ കുഴിച്ചുകൊണ്ടിരുന്നത്. കിണറ്റില്‍ വെള്ളം കണ്ടശേഷം 9.30-ന് കരയ്ക്കുകയറിയ ഇവര്‍ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു.

ഈ സമയത്താണ് കൃഷ്ണന്‍കുട്ടിയോട് രാജന്‍ മരണത്തെപ്പറ്റി സംസാരിച്ചത്. മരണം സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ സഹായത്തിനെത്തുമെന്നും രാജന്‍ പറഞ്ഞി രുന്നു.

ഭക്ഷണ ശേഷം രാജന്‍ വീണ്ടും കിണറ്റിലേക്ക് പണിക്കിറങ്ങി. പിന്നീട് ശരീരം തളരുന്നെന്നു പറഞ്ഞ് കിണറിനകത്ത് തന്നെ ഇരുന്നു. കൃഷ്ണന്‍കുട്ടി കരയ്ക്കുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് ഇവർ അറിയിച്ചതനുസരിച്ച് പത്തനംതിട്ടയില്‍നിന്നു അഗ്നിരക്ഷാസേനാംഗങ്ങളെത്തി 15 അടി താഴ്ചയില്‍നിന്നു രാജനെ പുറത്തെത്തിക്കുകയായിരുന്നു . പ്രാഥമിക ചികിത്സ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ 10 ദിവസമായി രാജനും കൃഷ്ണന്‍കുട്ടിയും ഇവിടെ ജോലിതുടങ്ങിയിട്ട്. സി.ഐ.ടി.യു കണ്‍വീനര്‍കൂടിയാണ് രാജന്‍.

രാജന്റെ ഭാര്യ മല്ലിക. മക്കള്‍: രാജി, രാഖി, രേവതി. മരുമക്കള്‍: സോമന്‍, മനു, രാജേഷ്. മൃതദേഹം പരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച രണ്ടിന്.
അഗ്നിരക്ഷാസേന പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. അജിത്ത് കുമാര്‍, ഫയര്‍മാന്‍മാരായ സതീഷ്‌കുമാര്‍, നൗഷാദ്, സുര്‍ജിത്ത് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോന്നി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

Exit mobile version