വെള്ളക്കെട്ടിന് പരിഹാരമായി ഓപ്പറേഷൻ അനന്ത മോഡൽ കൊണ്ടുവരും; ടിജെ വിനോദിന്റെ വിജയം കോർപ്പറേഷനുള്ള അംഗീകാരമെന്നും സൗമിനി ജെയിൻ

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം 150 ദിവസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ. നിലംനികത്തലും അനധികൃത നിർമ്മാണങ്ങളും കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണമായെന്നും മേയർ പറഞ്ഞു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ഓപ്പറേഷൻ അനന്ത മാതൃകയിലുള്ള പദ്ധതി കൊച്ചിയിൽ വിഭാവനം ചെയ്യാൻ നഗരസഭ തീരുമാനിച്ചു. പദ്ധതി 150 ദിവസം കൊണ്ട് നടപ്പാക്കുമെന്നും മേയർ പറഞ്ഞു.

ഇതോടൊപ്പം ടിജെ വിനോദിന്റെ വിജയം നഗരസഭാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും സൗമിനി ജെയിൻ അവകാശപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷനെ തിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഹൈക്കോടതി ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ദൗത്യസംഘം രൂപീകരിക്കണമെന്നും കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഓപ്പറേഷൻ അനന്ത മാതൃകയിലുള്ള പദ്ധതി നടപ്പിലാക്കാൻ തീരുമാനമുയർന്നത്. പ്രശ്‌ന പരിഹാരത്തിന് കോർപ്പറേഷന് പരിമിതകളുണ്ടെന്നും, വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം വേണമെന്നും യോഗം വിലയിരുത്തി. കനാലുകൾ വൃത്തിയാക്കുക, ഓടകളുടെ അശാസ്ത്രീയത പരിഹരിക്കുക എന്നിവയുൾപ്പെടെ, തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപ്പറേഷൻ അനന്ത മാതൃകയിലുള്ള പദ്ധതി കൊച്ചിയിൽ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

നേരത്തെ കൊച്ചിലെ വെള്ളക്കെട്ടിനെ തുടർന്ന് കോർപ്പറേഷനെതിരെ രൂക്ഷ വിമർശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹൈക്കോടതിയുടെ വിമർശനം ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചിട്ടാണോ എന്നതിൽ സംശയമുണ്ടെന്ന് സൗമിനി ജെയിൻ പ്രതികരിച്ചിരുന്നു.

Exit mobile version