വനിതാ കമ്മീഷൻ സഭാ വിശ്വാസികളുടെ കൂടെ നിൽക്കുന്നു; നീതി കിട്ടില്ലെന്ന് ഉറപ്പായി; എംസി ജോസഫൈന് എതിരെ ലൂസി കളപ്പുര

വയനാട്: തനിക്ക് സംസ്ഥാന വനിതാ കമ്മീഷനിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് വിമർശിച്ച് സിസ്റ്റർ ലൂസി കളപ്പുര. നീതികിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്നും അവർ പ്രതികരിച്ചു. സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മീഷൻ അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര തുറന്നടിച്ചു. വനിതാ കമ്മീഷൻ സംസാരിക്കുന്നത് സഭാ അനുകൂലികൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ സിസ്റ്റർ ലൂസി വത്തിക്കാനൊപ്പം വനിതാ കമ്മീഷനും തന്നെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി. നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കിൽ ഇനിയും പരാതി നൽകുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത അപവാദ പ്രചാരണമുണ്ടായിട്ടും വനിതാ കമ്മീഷൻ ഇടപെട്ടില്ലെന്ന് നേരത്തെ സിസ്റ്റർ ലൂസി കളപ്പുര പരാതിപ്പെട്ടിരുന്നു. അതേസമയം, നാല് തവണ ഹിയറിംഗിന് വിളിച്ചിട്ടും സിസ്റ്റർ ലൂസി കളപ്പുര ഹാജരായില്ലെന്നും, സാധാരണഗതിയിൽ വാദിക്ക് രണ്ട് തവണ മാത്രമാണ് ഹാജരാകാൻ സമയം നൽകാറുള്ളതെന്നുമാണ് വനിതാ കമ്മീഷൻ ഇതിനോട് പ്രതികരിച്ചത്.

സാധാരണ നാല് തവണ മാത്രമാണ് ഒരു വാദിക്ക് ഹാജരാകാൻ അവസരം നൽകാതിരുന്നതെന്ന് പറഞ്ഞ എംസി ജോസഫൈൻ, കമ്മീഷന്റെ സമയവും ഊർജ്ജവും നഷ്ടമാക്കാനാവില്ലെന്നും പറഞ്ഞിരുന്നു. വനിതാ കമ്മീഷനിൽ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ഹിയറിങിന് ഹാജരാകാതിരുന്നതെന്നായിരുന്നു ഇതിനോടുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതികരണം. താൻ കഴിഞ്ഞ ഒരു വർഷമായി സഭാ അധികൃതരിൽനിന്നടക്കം കടുത്ത ദ്രോഹമാണ് നേരിടുന്നത്.

നിരവധിതവണ ഫോണിലൂടെയും ഇമെയിൽവഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ വത്തിക്കാൻ തൻറെ അപ്പീൽ തള്ളിയ പശ്ചാത്തലത്തിൽ ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും സിസ്റ്റർ ലൂസി ആരോപിച്ചു. വനിതാ കമ്മീഷൻ നീതി ലഭ്യമാക്കിത്തരുമെന്ന് ഉറപ്പുനൽകുകയാണെങ്കിൽ വീണ്ടും പരാതി നൽകാൻ താൻ തയാറാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

Exit mobile version