ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്; പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും കുപ്രചാരണങ്ങള്‍ കാരണം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പാരമ്പര്യവോട്ടുകള്‍ ഇത്തവണ നഷ്ടമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തലസ്ഥാനനഗരിയായതുകൊണ്ടാണ് വട്ടിയൂര്‍ക്കാവിനെ മുന്‍നിര്‍ത്തി ഇത്രത്തോളം ചര്‍ച്ചയുണ്ടായത്. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ബിജെപിക്ക് വലിയതോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അത് ഗൗരവമായി തന്നെ പരിശോധിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ടാണ് ബിജെപി നേടിയത്. സാമുദായിക രാഷ്ട്രീയത്തിന് ഒട്ടും സാധ്യതയില്ലാത്ത ഈ മണ്ഡലത്തില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന മുന്നേറ്റം തന്നെയാണ് നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തകര്‍ക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അടൂര്‍ നഷ്ടമായി. കോണ്‍ഗ്രസിന് കോന്നിയുള്‍പ്പടെയുള്ള മണ്ഡലങ്ങളാണ് നഷ്ടമായതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Exit mobile version