കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുകയായിരുന്നു ഓട്ടോറിക്ഷ മോഷ്ടിച്ചു; കാറുമായി കൂട്ടിയിടിച്ച് അപകടം, മോഷ്ടാവ് വലയില്‍

കൊല്ലം: തിരുവനന്തപുരത്ത് നിന്നും മോഷണം പോയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഓട്ടോ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശെന്തിലിന് പരിക്കേറ്റു. ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശുംമൂടിന് സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്.

കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി ചാലയില്‍ നിന്നും പോകുന്നതിനിടെയാണ് ഓട്ടോ മോഷണം പോയത്. വണ്ടി റോഡരികില്‍ ഒതുക്കിയ ശേഷം ഡ്രൈവര്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഒരാള്‍ ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ ഫോര്‍ട്ട് പോലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഓട്ടോ അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്. എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

ഓട്ടോ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശെന്തിലിന് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സംഭവത്തില്‍ ചാത്തന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version