ഫിറോസ് കുന്നംപറമ്പിലിന് എതിരെ കേസെടുത്തതിന് ശേഷം വിദേശത്ത് നിന്നടക്കം സ്ഥിരമായി ഭീഷണി കോളുകൾ വരുന്നു: വനിതാ കമ്മീഷൻ അധ്യക്ഷ

കൽപ്പറ്റ: ഫേസ്ബുക്ക് ലൈവിലൂടെ യുവതിയെ അപമാനിച്ച് സംസാരിച്ച സംഭവത്തിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണി കോളുകൾ വരുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഫോൺ വിളിക്കുന്നവർ വളരെ മോശമായാണ് സംസാരിക്കുന്നത്. ഇപ്പോൾ വിദേശത്തു നിന്നുള്ള ഫോൺ കോളുകൾ എടുക്കാറില്ല. ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ജോസഫൈൻ വയനാട്ടിൽ പറഞ്ഞു.

നേരത്തെ ലൈവ് വീഡിയോയിലൂടെ വേശ്യയെന്നടക്കം വിളിച്ച് യുവതിയെ അപമാനിച്ച് പരാമർശങ്ങൾ നടത്തിയതിന് ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ‘കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, ശരീരം മറ്റുള്ളവർക്കായി കാഴ്ച വെയ്ക്കുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ’ എന്നിങ്ങനെയായിരുന്നു ഫിറോസിന്റെ അധിക്ഷേപം.

ഇതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞിരുന്നു.

Exit mobile version