കാൻസർ രോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മോഷ്ടിച്ചു; വീട് തീയിട്ടു നശിപ്പിച്ചു; അയൽവാസി പിടിയിൽ

ശിഹാബും കുടുംബവും കീമോതെറാപ്പിക്കായി മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണവും

കാസർകോട്: കാൻസർ രോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണം മോഷ്ടിക്കുകയും വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. മുട്ടത്തൊടി തെക്കോമൂലയിൽ അബ്ദുൾ ലത്തീഫി(36)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കാൻസർ രോഗിയായ നായന്മാർമൂല റഹ്മാനിയ നഗറിലെ പാലോത്ത് ശിഹാബി(35)ന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയാണ് ലത്തീഫ് മോഷ്ടിച്ചത്. ശിഹാബും കുടുംബവും കീമോതെറാപ്പിക്കായി മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണവും വീടിനകത്ത് കയറിയുള്ള അതിക്രമവും. മണിക്കൂറുകൾക്ക് ഉള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനായത് പോലീസിന് നേട്ടവുമായി.

ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച തിരികെ എത്തിയപ്പോഴാണ് ശിഹാബിന്റെ കുടുംബം വീട് കത്തി നശിച്ചത് കണ്ടത്. കട്ടിൽ, കിടക്ക, വസ്ത്രം, രേഖകൾ തുടങ്ങിയവ കത്തി നശിച്ചു. കിടപ്പുമുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയും നഷ്ടമായി. വീടിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും വാതിലുകൾ അടച്ചിരുന്നു. വീടിന്റെ വാതിൽ തകർക്കാതെയാണ് മുറിക്കുള്ളിൽ കടന്ന് കവർച്ച നടത്തിയത്. ഇതോടെ താക്കോലുപയോഗിച്ചാണ് വീട് തുറന്നതെന്ന് വ്യക്തമായി.

അന്വേഷണത്തിൽ അയൽവാസി അബ്ദുൾ ലത്തീഫ് നൽകിയ താഴുപയോഗിച്ചാണ് വീട് പൂട്ടിയതെന്ന് തിരിച്ചറിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. വീട്ടിൽ പണം സൂക്ഷിക്കുന്നതിനാൽ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ് ലത്തീഫ് വാങ്ങി നൽകുകയായിരുന്നു. ഒരാഴ്ച മുമ്പാണ് താഴ് നൽകിയത്. രണ്ട് താക്കോലുകളും നൽകി. താഴിന്റെ മൂന്ന് താക്കോലുകളിൽ ഒന്ന് ലത്തീഫ് കൈവശം വെച്ച് രണ്ടെണ്ണമാണ് നൽകിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കടലാസിൽ തീ കത്തിച്ചാണ് മോഷണത്തിന് കയറിയത്. മോഷണത്തിന് ശേഷം തീ കെടുത്താതെയാണ് തിരികെ പോന്നതെന്നാണ് പ്രതിയുടെ മൊഴി.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തി തീർക്കാനും പ്രതി ശ്രമിച്ചിരുന്നു.

വിദ്യാനഗർ സിഐ വിവി മനോജിന്റെ തന്ത്രപരമായ നീക്കത്തിലാണ് ലത്തീഫ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ലത്തീഫിനെ അറസ്റ്റു ചെയ്തു. കവർച്ച നടത്തിയ തുകയിൽ 1,30,000 രൂപ സമീപത്തെ സഹകരണബാങ്കിന്റെ ശാഖയിൽ ശനിയാഴ്ച നിക്ഷേപിച്ചെന്ന് വ്യക്തമായതായും സിഐ പറഞ്ഞു.

Exit mobile version