സിലിയെ ആശുപത്രിയിലെത്തിക്കുന്നത് മനഃപൂർവ്വം വൈകിപ്പിച്ചു; ഷാജുവും സംശയനിഴലിൽ; വീണ്ടും ചോദ്യം ചെയ്യൽ

അവശയായ സിലിയെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സേവ്യർ പറഞ്ഞു.

കോഴിക്കോട്: ഷാജു സ്‌കറിയയുടെ മൊഴി വിശ്വസനീയമല്ലെന്ന ക്രൈം ബ്രാഞ്ച് നിഗമനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചോദ്യം ചെയ്യൽ. കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളി ജോസഫിന്റെ രണ്ടാം ഭർത്താവ് ഷാജുവിനോട് ഇന്ന് എസ്പി ഓഫീസിൽ ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്. സിലിയുടെ മരണത്തിൽ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതിനാലാണു പോസ്റ്റ്‌മോർട്ടം പരിശോധനയെ ഷാജു എതിർത്തതെന്നാണു പോലീസ് സംശയം.

ഇതേ സംശയം പങ്കുവെച്ച് സിലിയുടെ ബന്ധുവും രംഗത്തെത്തിയിട്ടുണ്ട്. സിലിയുടെ ബന്ധു വിഡി സേവ്യറാണ് കൊലപാതകത്തിൽ ഷാജുവിന്റെ പങ്കിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ഒപ്പിട്ടുനൽകാൻ ഷാജു സിലിയുടെ സഹോദരനെ നിർബന്ധിച്ചതായി സേവ്യർ പറഞ്ഞു. സിജോ വിസമ്മതിച്ചതോടെ ഷാജു തന്നെ ഒപ്പിട്ടുനൽകുകയായിരുന്നു. സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സേവ്യർ പറഞ്ഞു.

അതേസമയം, സിലിയുടെ സ്വർണ്ണാഭരണങ്ങളെ കുറിച്ച് അറിയില്ലെന്നും ആശുപത്രി ജീവനക്കാർ കൈമാറിയ സ്വർണ്ണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായും ജോളി ജോസഫ് പോലീസിനോടു പറഞ്ഞു. സയനൈഡ് നൽകിയതിനു പിന്നാലെ ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചതു ബോധപൂർവമാണെന്നും ജോളിയുടെ മൊഴിയിലുണ്ട്. ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കാനുള്ള സഹോദരന്റെ ശ്രമം ബോധപൂർവം വിലക്കി. മൂന്നര കിലോമീറ്റർ അധികം ചുറ്റിയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതു മരണം ഉറപ്പിക്കുന്നതിനായിരുന്നുവെന്നും ജോളി കുറ്റബോധമില്ലാതെ പറഞ്ഞു.
മരണദിവസം സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രി ജീവനക്കാർ ജോളിക്കായിരുന്നു കൈമാറിയിരുന്നത്. ഈ സ്വർണ്ണം പിന്നീടു കാണാതായെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഈ ചോദ്യങ്ങൾക്കാണു സ്വർണ്ണം ഷാജുവിന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി മൊഴി നൽകിയത്. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പറഞ്ഞു. മൂന്നാമത്തെ ശ്രമത്തിലാണ് സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയത്.

Exit mobile version