മഴക്കെടുതി; ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം ഇന്ന് കേരളത്തില്‍ എത്തും

ഭുവനേശ്വറില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനിലെ അഞ്ച് ടീമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്

കോഴിക്കോട്: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും ഇപ്പോഴും ശക്തമായ മഴയാണ്. അതേസമയം സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം ഇന്ന് കേരളത്തില്‍ എത്തും. ഭുവനേശ്വറില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനിലെ അഞ്ച് ടീമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. വ്യോമസേനയുടെ ഐഎല്‍76 വിമാനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ സംഘം കോഴിക്കോട് എത്തും.

ഒരോ ടീമിലും 36 അംഗങ്ങള്‍ വീതമാണ് ഉണ്ടാവുക. നിലവില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. അരക്കോണത്ത് നിന്നുള്ള സേനയെ ആണ് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ വിന്യസിച്ചിട്ടുള്ളത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ സേനകളെ വിന്യസിക്കുമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version