മോഹൻ രാജിനെ പുറത്താക്കി വിശ്വാസികളുടെ പ്രതിഷേധം; പിന്നിൽ എൽഡിഎഫെന്ന് സ്ഥാനാർത്ഥി

കോന്നി: വോട്ട് അഭ്യർത്ഥിക്കാനായി കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ കോന്നി യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജിനെതിരെ പ്രതിഷേധം. മോഹൻരാജ് പള്ളിയിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ചില വിശ്വാസികൾ ആവശ്യപ്പെട്ടത് സ്ഥലത്ത് അസ്വാരസ്യത്തിന് കാരണമായി. ഞായറാഴ്ച രാവിലെ വിവിധ പള്ളികളിലെ സന്ദർശനത്തിനു ശേഷമാണ് കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിൽ മോഹൻരാജ് എത്തിയത്. പള്ളിയിൽ വിശ്വാസികളെ കണ്ട് വോട്ട് ചോദിക്കുമ്പോഴാണ് ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പള്ളിയിൽ വോട്ടുചോദിക്കാൻ പാടില്ലെന്നും മോഹൻരാജ് പുറത്തുപോകണമെന്നുമാണ് പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടത്. തുടർന്ന് മോഹൻരാജ് പള്ളിയിൽനിന്ന് പുറത്തുപോവുകയും ചെയ്തു.

വീണാ ജോർജ് എംഎൽഎയുടെ മുൻ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരേ രംഗത്തെത്തിയതെന്നാണ് മോഹൻരാജിന്റെ ആരോപണം. ഈ സംഭവത്തിന് പിന്നിൽ സിപിഎം ഗുഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ സംഭവം സിപിഎമ്മിന്റെ രാഷ്ട്രീയമായ ഗൂഢാലോചനയാണ്. വിശ്വാസികളെത്തിയതു കൊണ്ടാണ് താൻ കായികമായി ആക്രമിക്കപ്പെടാതിരുന്നതെന്നും മോഹൻരാജ് കൂട്ടിച്ചേർത്തു. വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version