ഇളകിയെത്തിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റു; തിരുവല്ല സ്വദേശി മരിച്ചു

ചാത്തങ്കരി മാര്‍ത്തോമ പള്ളിക്ക് മുന്‍പില്‍ നിന്ന് മൂലേപ്പടിയിലേക്ക് പോവുന്ന റോഡില്‍ വെച്ചാണ് ജോര്‍ജിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്

തിരുവല്ല: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെഒ ജോര്‍ജ്(86) ആണ് മരിച്ചത്. റോഡിലേക്ക് നടന്നുപോകുന്നതിനിടെ വീടിന്റെ അടുത്തുള്ള മാവില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍ കൂട്ടത്തോടെ ഇളകി വന്ന് ജോര്‍ജിനെ ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് സംഭവം. ചാത്തങ്കരി മാര്‍ത്തോമ പള്ളിക്ക് മുന്‍പില്‍ നിന്ന് മൂലേപ്പടിയിലേക്ക് പോവുന്ന റോഡില്‍ വെച്ചാണ് ജോര്‍ജിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. മാവിന്‍ കൊമ്പിലുണ്ടായിരുന്ന തേനീച്ചക്കൂട്ടില്‍ പരുന്ത് കൊത്തിയതോടെയാണ് തേനീച്ചകള്‍ ഇളകിയെത്തിയതെന്നും വലിപ്പമുള്ള തേനീച്ചകള്‍ ജോര്‍ജിന്റെ ശരീരം മുഴുവന്‍ പൊതിയുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ജോര്‍ജ് നിലവിളിച്ചതോടെ ഓടിയെത്തിയ സമീപവാസികള്‍ തീകത്തിച്ചാണ് തേനീച്ചകളെ അകറ്റിയത്. തുടര്‍ന്ന് ജോര്‍ജിനെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ ജോര്‍ജിന്റെ ഭാര്യയ്ക്കും മറ്റ് നാട്ടുകാര്‍ക്കും തേനീച്ചകളുടെ കുത്തേറ്റു. ചിറ്റാറില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ എത്തിയാണ് തേനീച്ചക്കൂട് നശിപ്പിച്ചത്.

Exit mobile version