കുത്തിയൊലിക്കുന്ന റോഡിലെ വെള്ളത്തിൽ അകപ്പെട്ട് അംഗപരിമിതൻ; നോക്കി നിന്ന് നാട്ടുകാർ; കൈത്താങ്ങായി പെരുമഴ നനഞ്ഞ് വിദ്യാർത്ഥികൾ

ഈ സമയത്ത് മഴയിലൂടെ നടന്നു വന്ന താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ നിന്നും

ചാരുംമൂട്: നാട്ടുകാരെല്ലാം ഒറ്റപ്പെട്ടുപോയ മനുഷ്യനെ നോക്കി സഹതാപം കാണിക്കാൻ മാത്രം മനസ് വെച്ചപ്പോൾ ഒരു കൈ നീട്ടി സഹായിക്കാൻ ഉണ്ടായത് വിദ്യാർത്ഥികൾ മാത്രമാണ്. ചാരുംമൂട് ജങ്ഷനിലെ വെള്ളക്കെട്ടിൽ അകപ്പെട്ട അംഗപരിമിതനെ സഹായിച്ചാണ് നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ നന്മയുടെ പര്യായങ്ങളായത്.

കാലുകൾ വയ്യാതെ നിരങ്ങി നീങ്ങുന്ന അംഗപരിമിതനാണ് വെള്ളക്കെട്ട് രൂപപ്പെട്ട റോഡിൽ പെട്ടുപോയത്. ഇയാളെ സഹായിക്കാൻ കൈത്താങ്ങായി യൂണിഫോം നനയുമെന്ന ഭയമൊന്നുമില്ലാതെ മുന്നോട്ട് വരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികൾ.

ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയെ തുടർന്നാണ് ജങ്ഷന്റെ കിഴക്കുവശം കെപി റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ അംഗപരിമിതൻ മുങ്ങിപ്പോയത്. കാലുകൾക്കു ശേഷിയില്ലാത്തതിനാൽ കൈകൾ കുത്തി നടക്കുന്ന തമിഴ്‌നാട് സ്വദേശി അരയ്ക്ക് മുകളിൽ വെള്ളക്കെട്ടിനുള്ളിൽ അകപ്പെട്ടു പോവുകയായിരുന്നു.

ഈ സമയത്ത് മഴയിലൂടെ നടന്നു വന്ന താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ നിന്നും ഇയാളെ പൊക്കിയെടുത്ത് കടത്തിണ്ണയിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴും കൈയ്യും കെട്ടി മഴ നനയുമെന്ന ആശങ്കയിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു നാട്ടുകാർ.

Exit mobile version