ആമ്പല്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടൊരു തോണിയാത്ര പോയലോ?, ഇങ്ങ് മലരിക്കലിലേക്ക് പോന്നോളൂ

സോഷ്യല്‍മീഡിയയിലൂടെയും മറ്റും കേട്ടറിഞ്ഞ് നിരവധി പേരാണ് ഈ ആമ്പല്‍പ്പാടം കാണാന്‍ മലരിക്കലിലേക്ക് എത്തുന്നത്

ഏക്കര്‍ കണക്കിന് പാടത്ത് വിരിഞ്ഞ് നില്‍ക്കുന്ന ആമ്പല്‍പ്പൂക്കള്‍… പൂത്തുലഞ്ഞ് കണ്ണിനെ അത്ഭുതപ്പെടുത്തുന്ന ആമ്പല്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടെ പ്രകൃതിയുടെ ഒരു രക്ഷയുമില്ലാത്ത സൗന്ദര്യവും ആസ്വദിച്ചൊരു തോണിയാത്ര. ആരെയും കൊതിപ്പിക്കുന്ന ഈ കാഴ്ചകളാണ് ഇന്ന് ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

കണ്ണും മനസ്സും ഒരു പോലെ കുളിരണിയുന്ന ഈ കാഴ്ച കാണണമെങ്കില്‍ നേരെ കോട്ടയത്തേക്ക് വിട്ടോളൂ. തിരുവാര്‍പ്പ് പഞ്ചായത്തിലെ കാഞ്ഞിരം കവലയില്‍ നിന്ന് 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാല്‍ എത്തുന്ന മലരിക്കല്‍ എന്ന സ്ഥലത്താണ് ഏക്കര്‍ കണക്കിന് പാടത്ത് ആമ്പല്‍ പൂത്ത് നില്‍ക്കുന്നത്.

സോഷ്യല്‍മീഡിയയിലൂടെയും മറ്റും കേട്ടറിഞ്ഞ് നിരവധി പേരാണ് ഈ ആമ്പല്‍പ്പാടം കാണാന്‍ മലരിക്കലിലേക്ക് എത്തുന്നത്. ഫോട്ടോ എടുക്കാനും ആല്‍ബം ഷൂട്ട് ചെയ്യാനുള്ളവരുടെയും തിരക്കുമുണ്ട്. ആമ്പല്‍പ്പൂക്കള്‍ക്കിടയിലൂടെ വള്ളത്തില്‍ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും ജൂലൈ ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇവിടെ ആമ്പല്‍പ്പൂക്കള്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്നത്. വെയില്‍ കനത്താല്‍ പൂക്കള്‍ വാടിപ്പോകുന്നതുകൊണ്ട് രാവിലെ എട്ട് മണിക്ക് മുന്‍പായി കാഴ്ച കാണാന്‍ പോകുന്നതാണ് ഉത്തമം. പാടത്ത് നെല്‍ക്കൃഷി ഇറക്കേണ്ടതിനാല്‍ രണ്ട്,മൂന്ന് ദിവസം കൂടി മാത്രമേ ഈ മനം കുളിര്‍പ്പിക്കുന്ന കാഴ്ചയുണ്ടാകൂ. അതിന് ശേഷം ഇവ നശിപ്പിക്കും.

Exit mobile version